കുന്നംകുളം: അമ്മയെ കൊലപ്പെടുത്തിയതില്‍ ഒരുതരി സങ്കടംപോലും ഇന്ദുലേഖയുടെ മുഖത്തുണ്ടായിരുന്നില്ല. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാരും അയല്‍ക്കാരുമെല്ലാം നിര്‍വികാരത നിറഞ്ഞ ആ മുഖം നോക്കിനിന്നു.
വ്യാഴാഴ്ച പതിനൊന്നിനാണ് എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. വീട്ടിനുള്ളില്‍ സഹോദരിയും മക്കളും അമ്മയുടെ ബന്ധുക്കളുമുണ്ടായിരുന്നു. അമ്മയ്ക്ക് വിഷംനല്‍കിയ പാത്രവും ഗുളികകളും പോലീസ് കണ്ടെടുത്തു.
മകനെക്കൊണ്ടാണ് ഇന്ദുലേഖ ഗുളികകളും എലിവിഷവും വാങ്ങിപ്പിച്ചത്. കൊലപാതകത്തിനുള്ള തയ്യാറെടുപ്പാണെന്ന് മകന് അറിയുമായിരുന്നില്ല. മരുന്ന് വാങ്ങിച്ച കുന്നംകുളം നഗരത്തിലെ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.
കേച്ചേരിയില്‍ താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും പത്ത് വര്‍ഷംമുമ്പാണ് കിഴൂര്‍ കാക്കത്തുരുത്തിന് സമീപം സ്ഥലം വാങ്ങി വീടുവെച്ചത്. രണ്ട് പെണ്മക്കളില് താഴെയുള്ളവള്‍ അഞ്ഞൂരിലാണ് താമസം. ഇവര്‍ക്ക് പണംനല്‍കി ബാധ്യതകള്‍ തീര്‍ത്തിരുന്നു. അച്ഛന്റെയും അമ്മയുടെയും കാലശേഷമാണ് ഇന്ദുലേഖയ്ക്ക് കിഴൂരിലെ സ്ഥലം എഴുതിവെച്ചിരുന്നത്. സ്ഥലം വില്‍ക്കണമെന്ന് ഒട്ടേറെ തവണ ഇന്ദുലേഖ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അമ്മ ഇതിനെ ശക്തമായി എതിര്‍ത്തു. പുറത്തുനിന്നുള്ള ഏതെങ്കിലും സമ്മര്‍ദമുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.



