കുന്നംകുളം: രണ്ട് ചോദ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യത്തേത് ഡോക്ടറും രണ്ടാമത്തേത് പോലീസും ചോദിച്ച ചോദ്യങ്ങള്‍. ഈ മാസം 19-നാണ് രുക്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്നും മലങ്കര ആശുപത്രിയില്‍നിന്നും ഇവരെ തിരിച്ചയച്ചിരുന്നു. മരുമകനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയി തിരിച്ചുവരുന്നതിനിടെ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെന്നാണ് മകള്‍ പറഞ്ഞത്.

തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോഴാണ് കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എന്തിനാണ് അമ്മ വിഷം കഴിച്ചതെന്ന് ഡോക്ടര്‍ രുക്മിണിയോട് ചോദിച്ചു. വിഷം കഴിച്ചിട്ടില്ലെന്ന് അവര്‍ മറുപടിയും നല്‍കി. ഇതോടെ മറ്റാരോ വിഷം നല്‍കിയതായി ഡോക്ടര്‍ക്ക് സംശയമുണ്ടായി. തിങ്കളാഴ്ച രുക്മിണി മരിച്ചതോടെ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണമരണം എന്ന രീതിയിലാക്കാനായിരുന്നു മകളുടെ പദ്ധതി. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞു. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഗൂഗിളില്‍ എലിവിഷത്തെക്കുറിച്ച് ഇവര്‍ തിരഞ്ഞത് പോലീസ് കണ്ടെത്തി. എന്തിനായിരുന്നു ഈ തിരച്ചില്‍ എന്ന രണ്ടാം ചോദ്യത്തില്‍ ഇന്ദുലേഖ കുഴങ്ങി. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.