നിയമസഭ ബില്ലുകള്‍ പാസാക്കിയാലും താന്‍ ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍െ പുനര്‍നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍. പ്രോ ചാന്‍സ്‌ലര്‍ എന്ന നിലയില്‍ പുനര്‍ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു.

അതേസമയം ഗവര്‍ണര്‍ക്ക് എതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാകാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു.

വിശദാംശങ്ങള്‍ തേടി തിരിച്ചയച്ച ബില്‍ വീണ്ടും പരിഗണിക്കാന്‍ നല്‍കിയാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം. പക്ഷെ ബില്ലുകള്‍ തീരുമാനമെടുക്കാതെ നീട്ടിവെച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ക്ക് എങ്ങിനെ ബില്ലുകളെ അവഗണിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറും സിപിഎമ്മും ഉയര്‍ത്തുന്ന ചോദ്യം.