വാഷിംഗ്ടണ്‍: വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. രാജ്യവ്യാപകമായി 43 ദശലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒന്നേകാല്‍ ലക്ഷം ഡോളര്‍ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തികളുടെയും രണ്ടരലക്ഷം ഡോളര്‍ പ്രതിവര്‍ഷ വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ വിദ്യാഭ്യാസ വായ്പയാണ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്. ഡിഗ്രിവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന ഇരുപതിനായിരം ഡോളറിന്റെ പെല്‍ ഗ്രാന്റും എഴുതിത്തള്ളുന്ന വായ്പകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ വിദ്യാഭ്യാസ വായ്പാ തിരിച്ചടയ്ക്കാനുള്ളവരില്‍ നല്ലൊരു ഭാഗവും ഇപ്പോള്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളല്ല. ഇവരില്‍ 90 ശതമാനത്തിന്റെയും വാര്‍ഷിക വരുമാനം 75000 ഡോളറില്‍ താഴെയാണെന്ന് വൈറ്റ്ഹൗസ് കണക്കുകൂട്ടുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് ലോണ്‍ തിരിച്ചടവ് ആനുകൂല്യം ലഭിക്കുകയില്ല. 2020 ലോ 2021 ലോ വാര്‍ഷിക വരുമാനം നിര്‍ദേശിക്കപ്പെട്ട പരിധിയിലാണെങ്കില്‍ വായ്പാ തിരിച്ചടവ് ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. 2020 ല്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പരിധിയിലും 2021 ല്‍ പരിധിക്ക് മുകളിലാണെങ്കിലും വായ്പാ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.