വാഷിംഗ്ടണ്‍: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മെച്ചപ്പെടുത്താന്‍ അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം നല്‍കണമോയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനിക്കും. അടുത്ത സാമ്പത്തിക വര്‍ഷം 117 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം നല്‍കാനാണ് ബൈഡന്‍ ഭരണകൂടം അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം യുഎസ് കോണ്‍ഗ്രസിന്റെതാണ്.
117 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ബൈഡന്‍ ഭരണകൂടത്തിന്റെ ഒരു നിര്‍ദേശം മാത്രമാണ്. ഇത്തരത്തിലുള്ള ഒരു സഹായം ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ-അമേരിക്ക വ്യാപാര, വ്യവസായ ബന്ധം പരിഗണിക്കുമ്പോള്‍ ഈ തുക വളരെ കുറവാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് അമേരിക്കന്‍ കോര്‍പറേറ്റ് മേഖല, ഉപകരണങ്ങളായും സാമ്പത്തിക സഹായമായും 500 ദശലക്ഷം ഡോളര്‍ ഇന്ത്യക്കു നല്‍കിയിരുന്നു.
പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും രാജ്യത്ത് ഇല്ലാതായെന്ന വിദേശ സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും വിമര്‍ശനങ്ങള്‍ ഇന്ത്യ തള്ളിക്കളയുന്നു. ജനാധിപത്യ നിയമങ്ങള്‍കൊണ്ട് അടിത്തറയിട്ടതാണ് ഇന്ത്യയെന്നും എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ സംവിധാനങ്ങളുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പുകളുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യാപകമായ ഭീഷണിയുണ്ടെന്നും നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 2022 മേയില്‍ സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പട്ടികയില്‍ ഇന്ത്യയുള്‍പ്പെടെ ഏകദേശം ഒരു ഡസനിലധികം രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുന്നതായും പ്രമേയത്തില്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ നിഷേധിക്കുകയാണ്.



