കണ്ണൂര്‍: ഇസ്രായേലില്‍ മലയാളികളായ ചിട്ടിനടത്തിപ്പുകാര്‍ മുങ്ങി. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനിയുമാണ് മലയാളികളില്‍നിന്ന് ചിട്ടിനടത്തി കിട്ടിയ പണവുമായി നാടുവിട്ടത്. സംഭവത്തില്‍ ഇസ്രായേല്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. വര്‍ഷങ്ങളായി ഇസ്രായേലില്‍ പെര്‍ഫെക്ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളില്‍ നിന്നായി 50 കോടിക്കു മുകളിലാണ് പ്രതികള്‍ തട്ടിയെടുത്തത്.

ഇസ്രായേലില്‍ ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. നേട്ടമുണ്ടാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ പിന്നീടറിഞ്ഞത് മലയാളികളായ ചിട്ടിക്കമ്പനി നടത്തിപ്പുകാര്‍ നാടുവിട്ടെന്ന വാര്‍ത്ത.

സമൂഹമാധ്യമങ്ങളിലെ മിന്നുന്ന പരസ്യം കണ്ട് 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ ചിട്ടിക്ക് നല്‍കിയവര്‍ തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ടതില്‍ ദു:ഖിതരാണ്. വര്‍ഷങ്ങളായുള്ള തങ്ങളുടെ സമ്പാദ്യമാണ് ചിട്ടിക്കമ്പനിക്കാര്‍ കൊണ്ടുപോയതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.