ടൊറന്‍റോ : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്കൂൾ ബോർഡ് ട്രസ്റ്റിയായി ആറാം തവണ ഡോ.തോമസ് തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പൽ-സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിൽ നാമനിദ്ദേശം നൽകേണ്ട അവസാന ദിവസം ഓഗസ്റ്റ് 19 ആയിരുന്നു. ഒക്ടോബർ 24 -നാണ് ഔദ്യോഗീക തെരഞ്ഞെടുപ്പ്.

കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടർച്ചയായ ആറാം തവണയാണ് വിജയിച്ചത്. കാൽ നൂറ്റാണ്ടോളം ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂർവ്വ നേട്ടത്തിനാണ് അദ്ദേഹം ഇത്തവണ അർഹനായത് . നേരിട്ടാൽ തോൽപ്പിക്കാനാവില്ലയെന്നതിനാൽ ഇത്തവണ എതിരാളിയായി ആരും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തു എത്തിയില്ല.

നിലവിൽ ഡഫറിൻ -പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റിയും വൈസ് ചെയർമാനുമായ തോമസ്, നിരവധി കമ്മറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്‍റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഒസിഎസ് ടിഎ ) ഡെഫറിൻ -പീൽ റീജിയണൽ ഡയറക്ടറുമായിരുന്നു.

പിളർപ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയൻ മലയാളി അസോസിയേഷന്‍റേയും പ്രസിഡന്‍റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് , പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിച്ചു കനേഡിയൻ മലയാളികളുടെ ഇടയിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്.

ഈ വർഷത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികൾ രംഗത്തുണ്ട്. കൗൺസിലറായി മത്സരിക്കുന്ന സൂസൻ ജോസഫ്, സ്‌കൂൾ ബോർഡ് ട്രസ്റ്റിമാരായിരുന്ന സൂസൻ ബെഞ്ചമിൻ, ഷോൺ സേവ്യർ, എന്നിവരെ കൂടാതെ ടോമി കോക്കാട്ട്, മാത്യു ജേക്കബ്, മാത്യു തോമസ് കുതിരവട്ടം, അനീഷ തോമസ്, ടോമി വാളൂക്കാരൻ തുടങ്ങിയ ഒട്ടേറെപ്പേർ ഇത്തവണ മത്സരിക്കുന്നുണ്ട്.