തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ശ​മ്പ​ള​വും പെ​ന്‍​ഷ​നും വി​ത​ര​ണം ചെ​യ്യാ​നു​ള്ള 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. അ​ടു​ത്ത മാ​സം ഒ​ന്നി​നു മു​മ്പ് തു​ക ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​വും ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ന​ല്‍​കാനുള്ള തുക കൈമാറാനാണ് നി​ര്‍​ദേ​ശം. ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കുകയായിരുന്നു കോടതി.

സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ ശ​മ്പ​ളം ന​ല്‍​കാ​നാ​വി​ല്ലെ​ന്നു കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കാ​ത്ത​തെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ പറഞ്ഞിരുന്നു.

ശ​മ്പ​ളം ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ത്തു ദി​വ​സ​ത്തെ സാ​വ​കാ​ശം തേ​ടി​യെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ട​രു​തെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം.