ബെയ്ജിംഗ്: ചൈനയില്‍ ജനസംഖ്യാ വര്‍ധന നിരക്ക് കുത്തനെ താഴുന്നത് വെല്ലുവിളിയാകുന്നതായി റിപ്പോര്‍ട്ട്. കോവിഡിനുശേഷം ജനനനിരക്കു മാത്രമല്ല, വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെതാണ് റിപ്പോര്‍ട്ട്. 2021 ല്‍ 1.06 കോടി കുഞ്ഞുങ്ങളാണ് ചൈനയില്‍ പിറന്നത്. ഈ വര്‍ഷം ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1980 മുതല്‍ 2015 വരെ ഒരു കുഞ്ഞ് എന്ന നയം കര്‍ശനമാക്കിയ ചൈന ജനസംഖ്യാ നിരക്ക് താഴോട്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ജനസംഖ്യാ നിരക്ക് കുറഞ്ഞതോടെ ചൈനയില്‍ വൃദ്ധരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ജോലിചെയ്യാന്‍ സാധിക്കുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലാണ് ഒരു കുഞ്ഞ് എന്ന നയം തിരുത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്.

ജനസംഖ്യാ നയം തിരുത്തിയെങ്കിലും ചൈനയില്‍ ഗര്‍ഭധാരണ നിരക്ക് 2021 ല്‍ 1.16 ആയിരുന്നു. ആഗോളനിരക്ക് 2.1 ആണ്. മൂന്നാമത്തെ കുഞ്ഞിന് പ്രസവിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. മൂന്നാമത്തെ കുഞ്ഞിന് നികുതി ഇളവ്, മാതാവിന് പ്രസവാവധി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഹൗസിംഗ് സബ്‌സിഡി തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. എന്നിട്ടും അനുകൂലമായ മാറ്റമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.