റോഡിലെ കുഴി പ്രധാനപ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ന്നാ താൻ കേസ് കൊട്. സിനിമയുടെ റിലീസ് ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ പേരിലും ചിത്രം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ പുതിയ ആപ്പിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്യുന്നതിനായാണ് ദേശീയപാത അതോറിറ്റി ആപ്പ് വികസിപ്പിക്കുന്നത്. ഈ വാർത്തയോടാണ് ന്നാ താൻ കേസ് കൊട് ടീം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘ഇപ്പോ മനസിലായില്ലേ, ചിലതൊക്കെ ശരിയാക്കാൻ സിനിമയ്ക്കും പരസ്യവാചകങ്ങൾക്കും പറ്റുമെന്ന്’ എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിലെ വാചകം.

കഴിഞ്ഞദിവസമാണ് ദേശീയപാതയിലെ കുഴികളും ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പും, ഓൺലൈൻ സംവിധാനവും ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. അതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.