താരസംഘടന അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ഷോയ്ക്ക് പോയപ്പോഴാണ് നടൻ വിനു മോഹന് ഒരു കാര്യം മനസ്സിലായത്. പലരും തന്നെക്കണ്ടിട്ട് സംസാരിക്കുന്നില്ല. ചിലരാകട്ടെ, പരിചയ ഭവം പോലും നടിക്കുന്നില്ല. യാഥാർഥ്യം അറിഞ്ഞപ്പോഴാകട്ടെ വിനുവിന് അടക്കാനാകാത്ത സന്തോഷവും.  താൻ കഷ്ടപ്പെട്ടു ചെയ്യുന്ന ‘കസർത്തുകൾ’ക്ക് ഫലം ഉണ്ടായെന്ന കാര്യം മനസ്സിലായതോടെ ഇനി വർക്ഔട്ട് ജീവിതത്തിന്റെ ഒരു ഭാഗംതന്നെയെന്ന് താരം അങ്ങ് തീരുമാനിച്ചു. രണ്ടും മാസം കൊണ്ട് 15 കിലോ കുറച്ചതിനു പിന്നിലെ ആ രഹസ്യം വിനു വെളിപ്പെടുത്തുന്നു.

രണ്ടു മാസത്തെ കഠിനശ്രമം, കുറഞ്ഞത് 15 കിലോ

വർക്ക്ഔട്ട് തുടങ്ങുമ്പോൾ 94 ആയിരുന്നു എന്റെ ശരീരഭാരം. രണ്ടു മാസം കൊണ്ട് 79 ആയി കുറഞ്ഞു.  ഗ്രൗണ്ട് എക്സർസൈസ് ആണ് കൂടുതൽ ചെയ്തത്.  അനൂപ് എന്ന ഒരു പേഴ്സണൽ ട്രെയിനർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു വർക്ഔട്ടുകളെല്ലാം.  മുൻപൊന്നും  ഗ്രൗണ്ട് എക്സർസൈസ് അധികം ചെയ്യില്ലായിരുന്നു.  അത് മാത്രം ശ്രദ്ധിച്ചു ചെയ്തപ്പോൾ തന്നെ നല്ല റിസൾട്ട് കിട്ടി.  ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലുള്ള ജിമ്മിലായിരുന്നു വർക്ക്ഔട്ട് ചെയ്തത്.  അറുപതു ദിവസം മുടങ്ങാതെ ചെയ്തു.  വെയ്റ്റ് ട്രെയിനിങ് ഒന്നും ചെയ്തില്ല.  എന്നും ഒരേ  എക്സർസൈസ് ചെയ്യില്ല എല്ലാ ദിവസവും മാറ്റിക്കൊണ്ടിരിക്കും.  ചില ദിവസങ്ങളിൽ ബാഡ്മിന്റൻ കളിക്കുമായിരുന്നു, ചില ദിവസങ്ങളിൽ ഡാൻസ് ചെയ്യും അങ്ങനെ ബോർ അടിക്കാതിരിക്കാൻ ശ്രദ്ധിച്ചു.  ഇപ്പോൾ ചെയ്യുന്നത് ഗ്രൗണ്ട് എക്സർസൈസ് മാത്രമാണ്.  വെയിറ്റ് ട്രെയിനിങ് തുടങ്ങണം എന്നാണ് കരുതുന്നത്.  ഒരു ദിവസം മൂന്നു മണിക്കൂറൊക്കെ വർക്ക് ഔട്ട് ചെയ്യാറുണ്ട്.