ജോലിയുടെ ഭാഗമായും മറ്റും ശബ്ദം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന പലരിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. തൊണ്ടയിൽ അസ്വസ്ഥത, ശബ്ദത്തിൽ വ്യതിയാനം, തൊണ്ടയടപ്പ് തുടങ്ങി പല സൂചനകളായി അത് അസ്വസ്ഥതപ്പെടുത്തും. ചിലപ്പോൾ ശബ്ദം പൂർണമായും നഷ്ടമായിപ്പോകുന്ന അവസ്ഥയും അനുഭവപ്പെടാം. മിക്കപ്പോഴും നിസ്സാരപ്രശ്നങ്ങളാവും ഇതിന് കാരണം. എന്നാൽ, ഇത്തരം സൂചനകളെ എല്ലായ്പോഴും അവഗണിക്കാനും പാടില്ല. ഗൗരവമായ രോഗാവസ്ഥയുടെ സൂചനകളായും ശബ്ദവ്യതിയാനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ശബ്ദപ്രശ്നങ്ങൾ ആരിലൊക്കെ?

ശബ്ദവുമായി ബന്ധപ്പെട്ട് പൊതുവേയുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതലും കാണുന്നത് പ്രൊഫഷണൽ വോയ്സ് യൂസേഴ്സിലാണ്. ഇവരാണ് ശബ്ദത്തെ കൂടുതലായി നിരന്തരം ഉപയോഗിക്കുന്നത്. പാട്ടുപാടുക, ദീർഘനേരം ക്ലാസുകളെടുക്കുക, പ്രസംഗിക്കുക തുടങ്ങിയവ ഇവരുടെ ജോലിയുടെ ഭാഗമാണ്. ഇങ്ങനെ പ്രൊഫഷണൽ വോയ്സ് യൂസേഴ്സിനെ മൂന്നുവിഭാഗങ്ങളായി തിരിക്കാറുണ്ട്.

ലെവൽ വൺ-പ്രൊഫഷണൽ വോയ്സ് യൂസേഴ്സ്: ഗായകർ, നടീനടന്മാർ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങിയവർ ഈ വിഭാഗത്തിൽ ഉൾപ്പെടും. ശബ്ദത്തിന്റെ ഗുണനിലവാരം ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ലെവൽ ടു: ജോലിയുടെ ഭാഗമായി ശബ്ദം ഉപയോഗിക്കേണ്ടിവരുന്നവരാണിവർ. എന്നാൽ ശബ്ദത്തിന്റെ ഗുണനിലവാരം അത്ര നിർബന്ധമല്ല. അധ്യാപകർ, പ്രാസംഗികർ, അഭിഭാഷകർ എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടും.

ലെവൽ ത്രീ: ജോലിയുടെ ഭാഗമായി ശബ്ദത്തിന് വലിയ പ്രാധാന്യം ഇല്ലാത്ത വിഭാഗക്കാരാണിവർ.

ശബ്ദപ്രശ്നങ്ങളുടെ കാരണങ്ങൾ

  • ശബ്ദത്തിന്റെ അമിതോപയോഗവും അതുമായി ബന്ധപ്പെട്ട് സ്വനതന്തുക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ശബ്ദവ്യതിയാനത്തിനുള്ള പൊതുവേയുള്ള കാരണങ്ങൾ. ഇത്തരം പ്രശ്നങ്ങൾ തൊണ്ടയ്ക്ക് വിശ്രമം നൽകുന്നതിലൂടെത്തന്നെ പരിഹരിക്കാൻ സാധിക്കാറുണ്ട്.
  • എന്നാൽ, ഇതല്ലാതെ ഒട്ടേറെ കാരണങ്ങൾ ശബ്ദവ്യത്യാസത്തിന് ഇടയാക്കാറുണ്ട്.
  • സ്വനപേടകത്തിന് അണുബാധയുണ്ടാകുന്നത് ശബ്ദവ്യത്യാസത്തിനിടയാക്കും. അക്യൂട്ട് ഇൻഫെക്ഷൻ പെട്ടെന്നുതന്നെ ഭേദമാകുന്നതാണ്. എന്നാൽ, ദീർഘകാലം നിലനിൽക്കുന്ന അണുബാധകൾ നീണ്ടുനിൽക്കുന്ന ശബ്ദപ്രശ്നങ്ങൾക്ക് ഇടയാക്കാം. ഉദാഹരണമായി ക്ഷയരോഗംപോലുള്ളവ ശബ്ദത്തെയും ബാധിക്കാറുണ്ട്.
  • തൊണ്ടയ്ക്ക് ബലം നൽകി സംസാരിക്കുന്ന രീതി ശബ്ദത്തിന് പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഇതിന് മസിൽ ടെൻഷൻ ഡിസ്ഫോണിയ(Muscle tension dysphonia) എന്നാണ് പറയുക.
  • അസിഡിറ്റി ശബ്ദത്തെ ബാധിക്കാം.
  • സ്വനപേടകത്തിലോ അതിനോട് ചേർന്ന ഭാഗങ്ങളിലോ ഉണ്ടാകുന്ന തടിപ്പുകളും ശബ്ദവ്യത്യാസത്തിന് കാരണമാകും.
  • നാഡീസംബന്ധമായ അസുഖങ്ങളും ശബ്ദപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. നാഡീതകരാറുകൾ സ്വനപേടകത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കും. അതുകാരണം ശബ്ദത്തിന് തകരാറുകൾ സംഭവിക്കാം. നാഡീസംബന്ധമായ പല അസുഖങ്ങളുടെയും ലക്ഷണമായി ശബ്ദത്തകരാറുകൾ കാണാറുണ്ട്.
  • ഉറക്കക്കുറവ്, പുകവലി തുടങ്ങിയവയും ശബ്ദത്തെ ബാധിക്കും.
  • ഹോർമോൺ തകരാറുകൾ ശബ്ദത്തെ ബാധിക്കാം.

ലക്ഷണങ്ങൾ നീണ്ടുനിന്നാൽ

തൊണ്ടയിൽ അസ്വസ്ഥത, ശബ്ദത്തിൽ വിറയൽ, ജലദോഷമോ കഫക്കെട്ടിനോ ശേഷം ശബ്ദം പൂർണമായും തടസ്സപ്പെടുക എന്നീ അവസ്ഥകൾ വരാം. ചിലർക്ക് ഉറക്കെ സംസാരിക്കാൻ പറ്റാതാവും. മറ്റുചിലർക്ക് തുടർച്ചയായി സംസാരിക്കുമ്പോൾ ക്ഷീണവും കഴുത്തിൽ വേദനയും ഉണ്ടാകാം. ഇങ്ങനെയുള്ള ശബ്ദവ്യത്യാസം മൂന്നാഴ്ചയിൽ കൂടുതൽ നിലനിൽക്കുകയാണെങ്കിൽ അത് ഗൗരവമായി കണ്ട് ചികിത്സ തേടണം.

പരിശോധന

ശബ്ദത്തെ ബാധിച്ച പ്രശ്നങ്ങൾ കണ്ടെത്താൻ ആദ്യം വോയ്സ് അസസ്മെന്റ് നടത്തും. തുടർച്ചയായി സംസാരിക്കാൻ നിർദേശിക്കും. അപ്പോൾ ശ്വാസോച്ഛ്വാസവും ശബ്ദവും കൃത്യമായി കോഡിനേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ടോ?, തൊണ്ടയിൽ കൂടുതൽ ബലം നൽകിയാണോ സംസാരിക്കുന്നത്? വായ ശരിയായി തുറന്നുതന്നെയാണോ സംസാരിക്കുന്നത്? എന്നതെല്ലാം വിശകലനം ചെയ്യും. പാട്ടുകാരുടെ കാര്യത്തിൽ അവരെ പാട്ടുപാടിച്ച് നോക്കിവേണം വിലയിരുത്താൻ. അതിന് ശേഷം എൻഡോസ്കോപി പരിശോധന ആവശ്യമായി വന്നേക്കാം.

ചികിത്സ മൂന്നുതരത്തിൽ

  • ശബ്ദപ്രശ്നങ്ങൾക്ക് ചികിത്സ തുടങ്ങുന്നതിനുമുൻപ് എന്ത് കാരണംകൊണ്ടാണ് ഇതുണ്ടായതെന്ന് കൃത്യമായി വിലയിരുത്തണം. അതിനുശേഷം ചികിത്സാരീതി തീരുമാനിക്കും. പ്രധാനമായും മൂന്നുതരത്തിലാണ് ചികിത്സ. വോയ്സ് തെറാപ്പി, െമഡിക്കൽ ചികിത്സ, സർജറി എന്നിവയാണവ.
  • ശബ്ദം അമിതമായി ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വോയ്സ് തെറാപ്പി മതിയാകും. സ്വനപേടകത്തിന് ആവശ്യമായ വിശ്രമം നൽകുക, അതിനുശേഷം ശബ്ദത്തെ കൂടുതൽ ഗുണമേന്മയുള്ളതാക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ ചെയ്യുക എന്നതാണ് ഇതിലുൾപ്പെട്ടിട്ടുള്ളത്.
  • മറ്റ് കാരണങ്ങൾകൊണ്ടുണ്ടാകുന്ന ശബ്ദത്തകരാറുകൾ പരിഹരിക്കാൻ മരുന്നുചികിത്സ ആവശ്യമായി വരും. അണുബാധകൾ, അസിഡിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണെങ്കിൽ അവ പരിഹരിക്കാനുള്ള മരുന്നുകൾ നൽകും. ശബ്ദത്തിനുണ്ടാകുന്ന വിറയൽ മാറ്റുന്നതിന് ബോട്ടൊക്സ്(botox) ഇൻജക്ഷൻ നൽകാറുണ്ട്.
  • ശബ്ദമുണ്ടാകുന്ന ഭാഗത്തെ പേശികളുടെ അനക്കക്കുറവുകാരണം ശബ്ദപ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. മറ്റ് ചികിത്സകൾ ഫലപ്രദമാകുന്നില്ലെങ്കിൽ തൈറോപ്ലാസ്റ്റി (Thyroplasty) പോലുള്ള ശസ്ത്രക്രിയ വേണ്ടിവന്നേക്കും.
  • തൊണ്ടയിലെ കാൻസർ കാരണമാണ് ശബ്ദപ്രശ്നങ്ങളുണ്ടായതെങ്കിൽ, കാൻസറിന്റെ സ്റ്റേജ് അനുസരിച്ച് സർജറിയോ റേഡിയേഷനോ വേണ്ടിവരും.
  • ആൺകുട്ടികളിൽ സ്ത്രൈണ ശബ്ദമാണെങ്കിൽ, അത് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ചികിത്സാരീതികളുണ്ട്. ഒരു പരിധിവരെ ഇത് വോയ്സ് തെറാപ്പിയിലൂടെ തന്നെ പരിഹരിക്കാനാകും.

ശബ്ദശുചിത്വം പാലിക്കാം

  • ശബ്ദത്തിന്റെ ആരോഗ്യം നിലനിർത്താൻ ശബ്ദശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക, തൊണ്ട വരണ്ടിരിക്കുന്നത് ശബ്ദത്തെ ബാധിക്കും. സ്വനതന്തുക്കളിൽ നനവ് നിലനിർത്താൻ ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളമെങ്കിലും ദിവസവും കുടിക്കുക.
  • ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. അമിതമായ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. അസിഡിറ്റിപോലുള്ള പ്രശ്നങ്ങൾ ശബ്ദത്തെ ബാധിക്കാം.
  • ഉറക്കം ശരിയായില്ലെങ്കിൽ ശബ്ദത്തെ ബാധിക്കും. അതുകൊണ്ട് പതിവായി ഉറക്കമൊഴിക്കുന്നത് ഒഴിവാക്കണം.
  • 15-20 ലധികം ആളുകളെ അഭിസംബോധന ചെയ്യുമ്പോൾ മൈക്ക് ഉപയോഗിക്കണം.
  • മറ്റ് ശബ്ദകോലാഹലങ്ങൾക്കിടയിൽ സംസാരിക്കാതിരിക്കുക.
  • തൊണ്ട ശുദ്ധീകരിക്കുന്ന ശീലമുണ്ടെങ്കിൽ(Throat clearing) അത് മാറ്റണം. അത് ശബ്ദത്തെ ബാധിക്കും. തൊണ്ട ക്ലിയർ ചെയ്യാനുള്ള തോന്നൽ ചിലപ്പോൾ അസിഡിറ്റിയോ അലർജിയോ കാരണമായിരിക്കും. അങ്ങനെയാണെങ്കിൽ അത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.
  • തുടർച്ചയായ ഫോൺ സംസാരം ഒഴിവാക്കണം.
  • തൊണ്ടവേദനയോ മറ്റ് പ്രശ്നങ്ങളോ ഉള്ളപ്പോൾ സംസാരം കുറയ്ക്കണം.
  • സ്വനപേടകത്തിന് സഹായകരമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ- വോക്കൽ വാംഅപ്, പാട്ടുകാർ പരിപാടിക്ക് മുൻപായി ചെയ്യാൻ ശ്രദ്ധിക്കണം.
  • സ്വനപേടകത്തിന് ആവശ്യമായ വിശ്രമം നൽകുക.