ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം അനുദിനം രൂക്ഷമാകുന്നതിനിടെ, ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന രണ്ടു ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും. സിപിഎം–സിപിഐ ധാരണയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഭേദഗതി ബിൽ ഇന്നു സഭയിൽ അവതരിപ്പിക്കും. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഭേദഗതി ബിൽ നാളെ അവതരിപ്പിക്കും.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത തീർപ്പ് കൽപിക്കുന്ന സാഹചര്യം രൂപപ്പെട്ടാൽ ഇനിമുതൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്ലറ്റ് അതോറിറ്റി. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും ഇനി അപ്ലറ്റ് അതോറിറ്റി. ലോകായുക്ത വിധി നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകും; സർക്കാരിനു വിധി തള്ളാനാകും.
ലോകായുക്ത ഭേദഗതി സംബന്ധിച്ചു രാഷ്ട്രീയ ചർച്ചകളിലൂടെ രൂപപ്പെട്ട ധാരണയുടെ നിയമവശം പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. അപ്ലറ്റ് അതോറിറ്റിയായി ഉന്നതസമിതി രൂപീകരിക്കണമെന്നായിരുന്നു സിപിഐ നിർദേശം. എന്നാൽ, ഈ സമിതിയുടെ നിയമപരമായ നിലനിൽപിൽ വിദഗ്ധർ സംശയം പ്രകടിപ്പിച്ചതോടെയാണ് പുതിയ ധാരണ രൂപപ്പെട്ടത്. ഇപ്പോഴത്തെ നിർദേശത്തോട് അഭിപ്രായവ്യത്യാസമുള്ളവർ സിപിഐയിലുണ്ട്. വിവാദമായ പഴയ ബിൽ തന്നെയാകും ഇന്ന് അവതരിപ്പിക്കുക. തുടർന്ന് സബ്ജക്ട് കമ്മിറ്റിയിൽ നടക്കുന്ന ചർച്ചയിൽ മാറ്റങ്ങൾ ഔദ്യോഗിക ഭേദഗതിയായി സർക്കാർ തന്നെ കൊണ്ടുവരും.
വിസിയെ കണ്ടെത്തുന്നതിനുള്ള സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് നാളെ സഭയിലെത്തുന്ന ബില്ലിലെ പ്രധാന ഭേദഗതി. പുതുതായി വരുന്ന രണ്ടംഗങ്ങൾ സർക്കാർ നോമിനികളാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് സേർച് കമ്മിറ്റി കൺവീനർ. കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങൾ നിർദേശിക്കുന്ന പാനലിൽ നിന്നാണ് വിസിയെ നിയമിക്കേണ്ടത്. ഭേദഗതി നടപ്പായാൽ ഗവർണർ ഇടഞ്ഞാലും സർക്കാരിന് ഇഷ്ടക്കാരെത്തന്നെ വിസിയാക്കാൻ കഴിയും.
വിസിമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കി ഉയർത്തുന്നതാണ് മറ്റൊരു ഭേദഗതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂക്ഷ വിമർശനത്തിന് ഇരയായ കണ്ണൂർ വിസിയുടെ നിയമനം ക്രമപ്പെടുത്തുന്നതിനാണ് ഇൗ മാറ്റം. ഗവർണർ നാളെ ഡൽഹിയിൽ നിന്നു കേരളത്തിലെത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ വിസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും.
ബിൽ പാസാകും; ഫലം കാണുമോ?
നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബിൽ ഒപ്പിടാതെ, വിശദീകരണം തേടി സർക്കാരിനു തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടുകയോ ചെയ്യാൻ ഗവർണർക്കാകും. നിയമസഭ വീണ്ടും ആവശ്യപ്പെട്ടാൽ ഒപ്പിടേണ്ടി വരും. എന്നാൽ, ബിൽ ഒപ്പിടുകയോ നടപടിയെടുക്കുകയോ ചെയ്യാതെ ഗവർണർ കൈവശം വച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. എത്രസമയം കൈവശംവയ്ക്കാമെന്നതിനു സമയപരിധിയുമില്ല. ഇൗ നിലപാടാകും ഗവർണർ സ്വീകരിക്കുകയെന്നു സൂചനയുണ്ട്. ലോകായുക്ത ഓർഡിനൻസ് നേരത്തെ ഗവർണർ അംഗീകരിച്ചതാണെങ്കിലും തന്നെ ലക്ഷ്യമിടുന്ന പുതിയ ഭേദഗതി സ്വീകാര്യമാകുമോ എന്നു സംശയം.



