ബിഗ് ബോസിൽ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചർച്ചയായി. എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് റോബിൻ.
തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ തന്റെ ഭാവിവധു ആരാണെന്ന് പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. ‘പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്. പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.



