കഴിഞ്ഞ 32 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ലെന്നിരിക്കെ, ഗാന്ധി കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയ്ക്ക് ഭയക്കുന്നത് എന്തിനെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസിനുള്ളിലെ കുടുംബാധിപത്യത്തെക്കുറിച്ച് പ്രധാനമന്ത്രി തുടർച്ചയായി വിമർശനമുയർത്തുന്ന സാഹചര്യത്തിലാണ് ഗെലോട്ടിന്റെ ചോദ്യം. എന്തുകൊണ്ടാണ് എല്ലാവരും എപ്പോഴും കോണ്ഗ്രസിനെ ആക്രമിക്കുന്നതെന്നും ഗെലോട്ട് ചോദിച്ചു.
‘‘നോക്കൂ, കഴിഞ്ഞ 32 വർഷത്തിനിടെ ഗാന്ധികുടുംബത്തിൽനിന്ന് ഒരാൾ പോലും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നത് എന്തിനാണ്? കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്ത് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറയുന്നത് എന്തുകൊണ്ടാണ്? എല്ലാവരും കൂട്ടത്തോടെ കോൺഗ്രസിനെ ആക്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും’ – ഗെലോട്ട് ചോദിച്ചു.
ഇതിനെല്ലാം ഒറ്റക്കാരണമേ ഉള്ളൂ. സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയുടെയും കോൺഗ്രസിന്റെയും ഡിഎൻഎ ഒന്നു തന്നെയാണ്. എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളാൻ സാധിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’’ – ഗെലോട്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 75 വർഷവും കോൺഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതുകൊണ്ടാണ് ഇന്ന് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയും അരവിന്ദ് കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയുമായിരിക്കുന്നതെന്ന് ഗെലോട്ട് ചൂണ്ടിക്കാട്ടി. ‘‘കഴിഞ്ഞ 75 വർഷം കോൺഗ്രസ് ഈ രാജ്യത്ത് ജനാധിപത്യം സംരക്ഷിച്ചു. ഇന്ത്യയ്ക്കുള്ള കോൺഗ്രസിന്റെ പ്രധാന സംഭാവനയും സമ്മാനവും അതുതന്നെയാണ്’’ – ഗെലോട്ട് പറഞ്ഞു.
‘‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്ഗ്രസ് വിജയിക്കും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ബിഹാറിൽ നിതീഷ് കുമാർ മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നൽകിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ സമരങ്ങളും കേന്ദ്രത്തിന്റെയും മോദിയുടെയും അടിത്തറയിളക്കിയിട്ടുണ്ട്’ – ഗെലോട്ട് പറഞ്ഞു.
സെപ്റ്റംബർ 20ന് പുതിയ കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനിരിക്കെ, പാർട്ടി പ്രവർത്തകരുടെ താൽപര്യം മനസ്സിലാക്കി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. ‘‘രാഹുൽ പാർട്ടി പ്രസിഡന്റ് പദം ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ, അത് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്ക് കനത്ത നിരാശ സമ്മാനിക്കുമെന്ന് തീർച്ചയാണ്. ഒട്ടേറെ ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടും. അതിന്റെ നഷ്ടം പാർട്ടിക്കായിരിക്കും. അതുകൊണ്ട് രാഹുൽതന്നെ സ്വന്തം ഇഷ്ടപ്രകാരം പ്രസിഡന്റ് പദം ഏറ്റെടുക്കണം’’ – ഗെലോട്ട് ആവശ്യപ്പെട്ടു.



