കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുക എന്നത് അമ്മമാരെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരിക്കും. കുഞ്ഞിന് ആറുമാസം തികയുന്നതോടെ അമ്മമാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടി വരും. ജോലിക്കു പോകുമ്പോള്‍ മറ്റുള്ളവരുടെ കൈകളിലിരുന്ന് പിഞ്ചോമനകൾ അമ്മമാരെ യാത്രയാക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് കേരള പൊലീസ് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്. കോട്ടയം വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ശരണ്യയും കുഞ്ഞുമാണ് വിഡിയോയിലുള്ളത്

‘അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ.’– എന്ന കുറിപ്പോടെയാണ് വിഡിയോ. ഔദ്യോഗിക വേഷത്തിൽ ജോലിക്കു പോകുന്ന വനിതാ പൊലീസ് അമ്മയും അമ്മൂമ്മയുടെ കൈകളിലിരുന്ന് യാത്രപറയുന്ന കുഞ്ഞുമാണ് വിഡിയോയിലുള്ളത്. ‘മക്കളെ ഉൾപ്പെടെ വേണ്ടപ്പെട്ടവരിൽ നിന്നും അകന്നു കർത്തവ്യ നിർവഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു.’–എന്നും വിഡിയോക്കു താഴെ കമന്റ് ചെയ്തിരിക്കുന്നു.