അബുദാബി: നിരുത്തരവാദപരമായി കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി മറ്റു ആവശ്യങ്ങൾക്കായി പോകുന്ന രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പോലീസ്. ഇത്തരക്കാർക്ക് 5,000 ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ ഇസായ് പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്തിനിടെ ഒരു കുട്ടി പിതാവിന്റെ അശ്രദ്ധമൂലം കാറിനകത്തു കിടന്ന് ശ്വാസം മുട്ടി മരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ നിർത്തിയിടുന്ന കാറുകളിലും കുട്ടികളെ തനിച്ചാക്കുന്നതും കുറ്റകരമാണ്. ചൂടുള്ള സമയത്ത് വാഹനത്തിനുള്ളിൽ ചൂടു കൂടുകയും തുടർന്ന് ഓക്സിജന്റെ അഭാവം മൂലം മരണമോ ശ്വാസംമുട്ടലോ വരെ സംഭവിക്കുമെന്നും അൽ ഇസായ് ഓർമ്മിപ്പിച്ചു.



