ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തുകഴിക്കുമ്പോള്‍ നമുക്ക് ഭാരിച്ച നഷ്ടമാണുണ്ടാകുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വിനായക് രജനഹള്ളി എന്നൊരാള്‍. ലിങ്കിഡിനില്‍ ഇദ്ദേഹം പങ്കുവച്ച വിവരങ്ങളാണ് ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്നത്. വീടിനടുത്തുള്ളൊരു റെസ്റ്റോറന്‍റില്‍ നിന്ന് ബ്രേക്ക്ഫാസ്റ്റ് വാങ്ങിക്കാനായി സ്വിഗ്ഗിയും സൊമാറ്റോയും നോക്കി. രണ്ടിലും വില വ്യത്യാസപ്പെട്ടിരുന്നു. സ്വിഗ്ഗിയില്‍ 823 രൂപയും സൊമാറ്റോയില്‍ 785 രൂപയുമാണ് കാണിച്ചിരുന്നത്- വിനായക് പറയുന്നു.

അങ്ങനെയെങ്കില്‍ സൊമാറ്റോയില്‍ തന്നെ ഓര്‍ഡര്‍ ചെയ്യാമെന്ന് തീരുമാനിച്ചു. 38 രൂപയെങ്കിലും ലാഭിക്കാമല്ലോ എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ചിന്ത. പിന്നീട് റെസ്റ്റോറന്‍റില്‍ തന്നെ പോയി നേരിട്ട് വാങ്ങിക്കാമെന്ന തീരുമാനത്തിലെത്തി. അങ്ങനെ റെസ്റ്റോറന്‍റില്‍ പോയി വാങ്ങിയപ്പോള്‍ അതേ ഭക്ഷണത്തിന് 440 രൂപയാണത്രേ ആയത്. എത്രമാത്രം വിലവ്യത്യാസമാണ് ഓണ്‍ലൈൻ ആയി ഓര്‍ഡര്‍ ചെയ്യുമ്പോഴെന്നാണ് ഇദ്ദേഹത്തിന്‍റെ കുറിപ്പ് വ്യക്തമാക്കുന്നത്. 

സ്വിഗ്ഗിയിലാണെങ്കില്‍ 68 ശതമാനവും സൊമാറ്റോയിലാണെങ്കില്‍ 60 ശതമാനവും അധികവില നല്‍കേണ്ടിവന്നേനെ. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ശീലമാകുന്നതിന്‍റെയും അതിന്‍റെ സൗകര്യത്തോട് ഏറെ അടുപ്പം വരുന്നതിന്‍റെയും ഭാഗമായി ഈ നഷ്ടത്തെ കുറിച്ച് മിക്കവരും ബോധ്യത്തിലാകാത്തതാണെന്നും വിനായക് പറയുന്നു.