വിഴിഞ്ഞം തുറമുഖം കവാടത്തിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെസിബിസി. തീരദേശവാസികളുടെ പ്രതിസന്ധികള്‍ അതീവഗുരുതരമാണ്. സത്യസന്ധവും ക്രിയാത്മകവുമായ സര്‍ക്കാര്‍ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്നും കെസിബിസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. നാലാം ഘട്ട സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കൂട്ടത്തോടെ സമരവേദിയില്‍ എത്തി. പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നതെങ്കിലും പ്രതിഷേധക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നിടത്തേക്ക് ബാരിക്കേഡുകള്‍ മറികടന്ന് എത്തിയിരുന്നു.
തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നെങ്കിലും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, മണ്ണെണ്ണ വില സംബന്ധിച്ച കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഇനി അംഗീകരിക്കാനുള്ളത്.



