ഗുരുവായൂർ: ഗുരുവായൂരിലെ തകർന്ന റോഡുകളെ വിമർശിച്ച് മുൻ എം.പി. സുരേഷ് ഗോപി. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നയിടം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. യാത്രചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാൽ പടുകുഴിയിൽപെട്ടതുപോലെയാണ്. മേൽപ്പാലത്തിനടുത്ത് സർവീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനങ്ങൾ പോകും. കരാറുകാരും നിർമാണത്തിന് നേതൃത്വം നൽകുന്നവരും എവിടെനിന്നാണ് എൻജിനീയറിങ് പഠിച്ചത്?-സുരേഷ് ഗോപി ചോദിച്ചു.
മേൽപ്പാലം പണികൾ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേന്ദ്രമന്ത്രിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന് റെയിൽവേ സ്റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തിൽ സേവ് ഗുരുവായൂർ മിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ സംവാദ സദസ്സും നടത്തി. സേവ് ഗുരുവായൂർ മിഷൻ കൺവീനറും നടനുമായ ശിവജി ഗുരുവായൂർ അധ്യക്ഷനായി.



