ന്യൂഡൽഹി:മൂന്നാം തവണയും ഭരണം എത്തിപ്പിടിക്കുകയെന്നത് മോദിയെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്ന വിലയിരുത്തലിലാണ് ദേശീയ രാഷ്ട്രീയം മുന്നോട്ട് പോവുന്നത്. കോൺഗ്രസിന് മാത്രമായി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയെന്നത് നടക്കുന്ന കാര്യമല്ലെന്ന് പാർട്ടി നേതൃത്വങ്ങൾക്കുമറിയാം. മഹാസഖ്യമെന്നത് ഏറെ ചർച്ചയാവുന്നത് അതുകൊണ്ടു തന്നെയാണ്.
ഒപ്പം അതിനെ ചെറുതല്ലാതെ ബി.ജെ.പി ഭയക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് സത്യം. അതിന് ഏത് വിധേനയും തടയിടുക എന്ന ലക്ഷ്യമിട്ടാണ് സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ മോദി തുറന്ന് വിട്ടിരിക്കുന്നതെന്ന വാദമാണ് പ്രതിപക്ഷമുയർത്തുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വരെ സി.ബി.ഐ റെയ്ഡിന് ഇരയാക്കിയതോടെ ഏറെ ജാഗ്രതയിലാണ് പ്രതിപക്ഷ പാർട്ടികൾ.
2024-ൽ മഹസഖ്യമെന്നത് യഥാർഥ്യമാവുകയാണെങ്കിൽ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാർട്ടിയും കെജ്രിവാളും മമതയുമടക്കമുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബി.ജെ.പി നേതൃത്വത്തിന്. ബിഹാറിലടക്കമള്ള രാഷ്ട്രീയ മാറ്റം ബി.ജെ.പിയെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഡൽഹിയിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന ആം ആദ്മി പഞ്ചാബിലേക്കും അത് വഴി മറ്റ് സംസ്ഥാനങ്ങളേയും ലക്ഷ്യമിടുമ്പോൾ തങ്ങളെ മോദി ഭയക്കുന്നുവെന്ന് പറയുന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ഒപ്പം 2024-ലോക്സഭാ തിരഞ്ഞെടുപ്പ് കെജ്രിവാൾ-മോദി പോരാട്ടമായിരിക്കുമെന്നും മനീഷ് സിസോദിയ പറയുന്നു. മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അടക്കമുള്ളവർക്കെതിരേ സി.ബി.ഐ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. എന്നാൽ മദ്യ നയം സുതാര്യതയിലാണെന്നും മോദിയുടെ ലക്ഷ്യം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിക്കുന്നു.
കെജ്രിവാളിന്റെ സൗജന്യ മോഡലിനെ കിട്ടുന്ന വേദിയിലെല്ലാം എതിർക്കുന്നുണ്ട് നരേന്ദ്രമോദി. സൗജന്യങ്ങൾ രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടത്തുമെന്നും പൗരൻമാരെ മടിയൻമാരാക്കാനേ ഉപകരിക്കുകയുള്ളൂവെന്നുമാണ് മോദിയുടെ വാദം. അടിത്തിടെ വരാനിരിക്കുന്ന ഗുജറാത്ത്,കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും സൗജന്യ രാഷ്ട്രീയം പയറ്റാനുള്ള തയ്യറെടുപ്പിലാണ് കെജ്രിവാൾ.ഇതോടെയാണ് ശക്തമായ എതിർപ്പുന്നയിച്ച് ബി.ജെ.പിയും മോദിയും രംഗത്തെത്തുന്നത്. പക്ഷെ യാഥാർഥ്യങ്ങൾ അങ്ങനെയല്ലെന്ന് അക്കമിട്ട് നിരത്തുന്നുണ്ട് ആം ആദ്മിയും ടീം കെജ്രിവാളും.
കെജ്രിവാളിന്റെ നേട്ടത്തിൽ ബി.ജെ.പിക്ക് പേടിയുണ്ടെന്നും ദേശീയ ബദൽ എന്ന നിലയ്ക്ക് ആം ആദ്മിയെ ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞുവെന്നും സിസോദിയ അവകാശപ്പെട്ടു. മദ്യനയത്തിലെ അഴിമതിയല്ല, പകരം കെജ്രിവാളാണ് ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. ആദ്യം സത്യേന്ദർ ജെയിനിനെ ലക്ഷ്യമിട്ടു. ഇപ്പോ തന്നേയും. പക്ഷ ഇതിലൊന്നും തളരില്ലെന്നും സിസോദിയ വ്യക്തമാക്കി.
കെജ്രിവാളും മോദിയും തമ്മിൽ രണ്ട് വ്യത്യാസമാണുള്ളത്. കെജ്രിവാൾ പാവങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ മോദി അദ്ദേഹത്തിന്റെ ചില എണ്ണപ്പെട്ട സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമായി നിലകൊള്ളുന്നു. കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുമ്പോൾ മോദി സ്വപ്നം കാണുന്നത് ഇ.ഡി, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ അട്ടിമറിക്കുന്നതിനെ കുറിച്ചാണ്-സിസോദിയ പറഞ്ഞു.
2011-ൽ രാജ്യം മുഴുവൻ ശ്രദ്ധിച്ച അണ്ണാഹസാരെ സമരത്തിന്റെ മുൻ നിര പോരാളിയായിരുന്നു മനീഷ് സിസോദിയ. അഴിമതിക്കെതിരേ കത്തിപ്പടർന്ന, മൻമോഹൻ സർക്കാരിനെ താഴെയിറക്കുന്നതിന് പ്രധാനമായും കാരണമായ സമരത്തിന്റെ പ്രധാന നേതാവിനെ തന്നെ അഴിമതിയുടെ പേരിൽ ജയിലിലാക്കാനൊരുങ്ങുമ്പോൾ ഇത് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.



