കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതല്‍ തകര്‍ന്നിരിക്കുകയാണ്. തെറ്റായ വാര്‍ത്ത നല്‍കിയാല്‍ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലുമില്ല. മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളെ എപ്പോഴും സ്വീകരിക്കുന്നതിന് സര്‍ക്കാരിന് യാതൊരു മടിയുമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യുക.

എന്നാല്‍ നശീകരണാത്മകമായ വാസനകളിലൂടെ മാത്രം വിമര്‍ശനമുയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ അത് വിലവയ്ക്കുകയുമില്ല, പരിഗണിക്കുകയുമില്ല.” ഈ അവസ്ഥ നമ്മുടെ നാട്ടിലുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമ പ്രവര്‍ത്തകരോ വിമര്‍ശനങ്ങള്‍ക്ക് അതിതീതരല്ലെന്ന് ഓര്‍ക്കണം. നിങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിങ്ങളെ വിമര്‍ശിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവരും വിമര്‍ശിക്കും. അതുകൊണ്ട് അത്തരം വിമര്‍ശനങ്ങളോട് അസഹിഷ്ണുത ആരും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് ഇപ്പോഴത്തെ മത്സരം. കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.