വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്‌കൂളുകളില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ ഇരട്ടിയിലധികമായി. തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ക്കെതിരായുള്ള സന്നദ്ധ സംഘടനയായ എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവിട്ടത്. 2021-2022 അധ്യയനവര്‍ഷം 193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഈ കേസുകള്‍.
ഓഗസ്റ്റ് ഒന്നുമുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ 193 അക്രമങ്ങളിലായി 59 പേര്‍ കൊല്ലപ്പെടുകയും 138 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മറ്റു വര്‍ഷങ്ങളില്‍ 75 കേസുകളില്‍ കൂടുതലുണ്ടായിട്ടില്ല.
സ്‌കൂളുകളിലുണ്ടായ വെടിവയ്പില്‍ പ്രതികളായിട്ടുവര്‍ വിദ്യാര്‍ഥികളോ മുന്‍ വിദ്യാര്‍ഥികളോ ആണ്. വിദ്യാര്‍ഥികള്‍ തോക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ ഭൂരിഭാഗം അക്രമങ്ങളും ഒഴിവാക്കാനാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌കൂളുകളില്‍ നടക്കുന്ന വെടിവയ്പില്‍ ഭൂരിഭാഗവും തടയാനാവുമെന്ന് എവരിടൗണിന്റെ റിസര്‍ച്ച് വിഭാഗം സീനിയര്‍ ഡയറക്ടര്‍ സാറാ ബര്‍ഡ് ഷാര്‍പ്‌സ് അവകാശപ്പെടുന്നു.
ആത്മഹത്യ ചെയ്യുകയോ സഹപാഠികളെ ആക്രമിക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ എളുപ്പമാണെന്ന് ബര്‍ഡ് ഷാര്‍പ്‌സ് പറയുന്നു. ഇത്തരത്തിലുള്ള കുട്ടികള്‍ തോക്കുകള്‍ സ്‌കൂളുകളില്‍ കൊണ്ടുവരുന്നത് കണ്ടെത്താവുന്നതാണ്. ഈ കുട്ടികള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്യുന്നത് ഒരു പരിധിവരെ അക്രമങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



