കേരളത്തെ സാമ്പത്തിക സമ്മര്‍ദ്ധത്തിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള നീക്കം വെട്ടിക്കുറയ്ക്കാനുള്ള നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. കിഫബിയെ എതിര്‍ക്കുന്നത് നാടിന് ഗുണമുണ്ടാക്കുന്നത് തടയാനാണെന്നും, വികസന സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുക എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശക്തിയായ നീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കി ഏകശിലാ രൂപത്തിലാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ അജണ്ട കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ വലിയ ആശങ്കയിലാണ്. ഫെഡറിലസത്തിന്റെ കടക്കല്‍ കത്തിവക്കുന്നതാണ് കേന്ദ്ര സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് രാജ്യത്തിന് ശാപമായി നിലനില്‍ക്കുകയാണ്. പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്ത് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് കണ്ടതാണ്. ഭരണഘടന നല്‍കിയ അവകാശം പോലും ഇല്ലാതാക്കിയവര്‍ക്ക് എന്തുമാകാമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.