ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കമ്മീഷനെ നിയമിച്ചേക്കും. 24ന് ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതിനിടെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കി. ഗവര്‍ണര്‍ രൂപീകരിച്ച നിലവിലെ സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടണമെന്നും സര്‍വകലാശാല പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്നും സെനറ്റ് യോഗം ആവശ്യപ്പെട്ടു. യുജിസിയുടെ പ്രതിനിധിയും ചാന്‍സലറുടെ പ്രതിനിധിയും അടങ്ങുന്ന രണ്ടംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍വകലാശാല പ്രതിനിധിയുടെ പേര് ലഭ്യമാകുന്ന മുറയ്ക്ക് ഉള്‍പ്പെടുത്താനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നത്. സെര്‍ച്ച് കമ്മിറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനാല്‍, ബില്‍ പാസായശേഷം പ്രതിനിധിയെ തെരഞ്ഞെടുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതാണ് സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതിനു കാരണം.
സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കിയ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ളയ്‌ക്കെതിരേ നടപടിക്കു സാധ്യതയേറി. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാന്‍ നിയമന അധികാരിയായ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അടുത്തമാസമാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്.



