തലയോലപ്പറന്പ്: പത്ത് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
തലയോലപ്പറന്പ് ഉമ്മാംകുന്ന്, കോലത്താർ, സെന്റ് ജോർജ് പള്ളി പരിസരങ്ങളിലുള്ള റോസക്കുട്ടി, ദിവ്യ കോലേഴത്ത്, അജിൻ കുഴിതടത്തിൽ, ജോസഫ് കുന്പളങ്ങി, ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്ഐ മാത്യു പോൾ, വിശ്രുതൻ മേപ്പാട്ടുകുന്നേൽ, തങ്കച്ചൻ പുത്തൻപുരയിൽ, ആനന്ദ് തൈയിൽ, പാർവതി രാജേശ്വരി ഭവൻ, രവീന്ദ്രൻ ആശീഷ് ഭവൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
മുഖത്തും വയറിനും പരിക്കേറ്റ ഏതാനും പേർ കോട്ടയം മെഡിക്കൽ കോളജിലും കൈകാലുകൾക്ക് പരിക്കേറ്റവർ വൈക്കം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെ 7.30ന് ഉമ്മാംകുന്നിലായിരുന്നു തെരുവ് നായയുടെ ആക്രമണത്തിന് തുടക്കം. പിന്നീട് സെന്റ് ജോർജ് പള്ളി ഭാഗത്തെ പാൽ സ്റ്റോറിനടുത്തെത്തിയ തെരുവ് നായ പാൽ വാങ്ങാനെത്തിയ എസ്ഐ മാത്യു പോളിന്റെ കൈ വിരുകളിൽ കടിക്കുകയായിരുന്നു. പ്രദേശവാസികളെയും വളർത്തു നായ്ക്കളേയും കടിച്ചു ഭീതി പരത്തി പാഞ്ഞ തെരുവ് നായ പിന്നീട് വാഹനമിടിച്ചു ചത്തു.
കഴിഞ്ഞ ജൂലൈ 22 ന് വൈക്കത്ത് ഏഴുപേർക്കു പേ വിഷബാധയുള്ള തെരുവ് നായയുടെ അക്രമണം നേരിട്ടത്. വെച്ചൂരിൽ രണ്ടു കുടുംബത്തിലെ നാലു പേർക്കും തെരുവുനായയു ടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈ വീടുകളിലെ വളർത്തു നായകളും ഒരു പശുവും പേ വിഷബാധയിൽ ചത്തു.
വൈക്കം മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശത്ത് മുരുകൻ കുളങ്ങരയിൽ സൈക്കിൾ യാത്രക്കാരനെയും കേബിൾ ടിവി ജീവനക്കാരനെയും ദിവസങ്ങൾക്കു മുന്പാണ് തെരുവ് നായ കടിച്ചത്. തെരുവ് നായ ആക്രമണം രൂക്ഷമായതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ അടക്കമുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.



