കല്‍പറ്റ: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ എംപിയുടെ പിഎ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാഹുല്‍ഗാന്ധിയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് കെ. ആര്‍ രതീഷ്, ഓഫീസ് ജീവനക്കാരന്‍ എസ്.ആര്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.ഐ മുജീബ്, വി. നൗഷാദ് എന്നിവരെയാണ് കല്‍പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി ഹാജരാകാന്‍ അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

യഥാര്‍ഥ പ്രതികളെ കണ്ടെത്തേണ്ടതിനുപകരം പോലീസ് കള്ളക്കേസുണ്ടാക്കി മുഖം രക്ഷിക്കുകയാണെന്ന് രതീഷ് പ്രതികരിച്ചു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് ജൂണ്‍ 24 ന് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓഫീസിലെ ഗാന്ധിചിത്രം നിലത്ത് പൊട്ടിയനിലയില്‍ കാണപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗാന്ധിചിത്രത്തെ അപമാനിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് അപമാനിച്ചിരിക്കുന്നത് എന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.