ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. എല്ലാം തയാറാക്കി, വിസയ്ക്കായി അപേക്ഷ നല്‍കിയാലോ. വിസ റെഡിയായി വരുമ്പോഴേക്കും രണ്ടു വര്‍ഷത്തോളമാകും. അമേരിക്കന്‍ സന്ദര്‍ശനവിസയ്ക്കായി അപേക്ഷ നല്‍കിയിരിക്കുന്നവര്‍ ഏകദേശം ഒന്നരവര്‍ഷം കാത്തിരിക്കണമെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് നല്‍കുന്ന അറിയിപ്പ്. അതായത് ഇപ്പോള്‍ അപേക്ഷ നല്‍കിയാല്‍ 2024 മാര്‍ച്ചിലോ ഏപ്രിലിലോ വിസ ലഭിച്ചേക്കാം.

ചില പ്രത്യേക വിഭാഗത്തിലുള്ള വിസ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഇതിനായി കോണ്‍സുലേറ്റുകളില്‍ ജീവനക്കാരെ കൂടുതലായി നിയമിക്കുമെന്നും അമേരിക്കന്‍ എംബസി അറിയിച്ചിട്ടുണ്ട്. കാനഡ, യുകെ എന്നിവിടങ്ങളിലേക്കുമുള്ള വിസ നടപടികളും സാവധാനമാണ് നടക്കുന്നതെന്ന് പ്രമുഖ ട്രാവല്‍ ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ സമയമെടുക്കുന്നത് അമേരിക്കന്‍ വിസയ്ക്കാണ്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിസ നടപടികള്‍ ഏതാണ്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യമായി അമേരിക്ക സന്ദര്‍ശിക്കാനായി വിസയ്ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കാണ് കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുന്നതെന്ന് അമേരിക്കന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ഥികള്‍, താല്‍കാലിക തൊഴിലാളികള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് വിസ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ ജീവനക്കാരെ നിയമിച്ചും നിലവിലുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കിയും നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.