പാറ്റ്ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ തിരക്കേറിയ സ്ഥലത്ത് കവർച്ചാശ്രമം തടയുന്നതിനിടെ സൈനികൻ വെടിയേറ്റു മരിച്ചു. രാഘ്പുരിലെ ചന്ദ്പുര സ്വദേശിയായ ബബ്ലു കുമാർ ആണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ടുപേരാണ് സൈനികനെ വെടിവച്ചുവീഴ്ത്തിയത്. ബുധനാഴ്ച അർധരാത്രിയോടെ പാറ്റ്നയിലെ കങ്കർബാഗിന് സമീപമായിരുന്നു ആക്രമണം.
പട്ലിപുത്ര റെയിൽവെ സ്റ്റേഷനിലേക്ക് സഹോദരനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബബ്ലു കുമാർ. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേർ സ്ഥലം സംബന്ധിച്ച് വിവരം തിരക്കി. ഇവരെ സഹായിക്കാൻ ബബ്ലു കുമാർ ബൈക്ക് നിർത്തിയപ്പോൾ കവർച്ചയ്ക്കുശ്രമം ഉണ്ടായി.
കവർച്ചാശ്രമം തടഞ്ഞതോടെ മോഷ്ടാക്കൾ ബബ്ലു കുമാറിന്റെ തലയിൽ നിറയൊഴിച്ചു. സംഭവസ്ഥലത്തു തന്നെ ബബ്ലു കുമാർ മരിച്ചു. സഹോദരനു നേരെയും ആക്രമണം ഉണ്ടായെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.



