ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്ന് ദെയ്‌റ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുതവ പറഞ്ഞു. 

തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ കോടതി വിധിച്ചിരുന്നു. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.