വയനാട്: സാഹിത്യകാരന്‍ ടി. പത്മനാഭന്റെ അശ്ലീല സാഹിത്യ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. സ്ത്രീകള്‍ അശ്ലീല സാഹിത്യം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും എന്ന പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് ലൂസി കളപ്പുര പറഞ്ഞു.
വിവാദ പാരാമര്‍ശത്തില്‍ ടി.പത്മനാഭന്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍നിന്ന് ഇത് പ്രതീക്ഷിച്ചതല്ല എന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ടി. പത്മനാഭന്റെ വിവാദ പ്രസ്താവന. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പന ഉള്ളത് എന്നായിരുന്നു പരാമര്‍ശം.
‘അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം. പുസ്തകമെഴുതുന്ന സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്. അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്. സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റര്‍ എന്ന പേര് കൂടി ഒപ്പം ചേര്‍ത്താല്‍ വില്‍പന ഒന്ന് കൂടി കൂടും. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും പത്മനാഭന്‍ പറഞ്ഞു.




