പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിയത് സിപിഎമ്മുകാര്‍ തന്നെയെന്ന് ദൃക്സാക്ഷി. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷിയായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളാണ് പരിക്കേറ്റ ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്.
സിപിഎം പ്രവര്‍ത്തകരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയത്. ഷാജഹാന്റെ വീടിന് വെളിയില്‍ വെച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയത്. തന്റെ മകന് ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്സാക്ഷിയായി എഫ്ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൊലപാതക കാരണം വ്യക്തമല്ല. കേസില്‍ എട്ട് പ്രതികളാണുള്ളതെന്നും പൊലീസ് പറയുന്നു. കൊലപാതക കാരണം അന്വേഷിച്ച് വരികയാണ് . രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികള്‍ക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് വിവരം.
ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ബിജെപി പ്രവര്ത്തകന് ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്. 2008ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്. കഴിഞ്ഞ കുറെ നാളുകളായി ഷാജഹാന് ഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാക്കള്‍ പറയുന്നു.



