മുംബൈ: മഹാരാഷ്ട്രയിലെ എഴുപത്തിയഞ്ച് ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്ക പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. 18 അംഗങ്ങളെ ഉള്‍പ്പെടുത്തി ഈമാസം 9-ന് മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചിരുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെ 20 മന്ത്രിമാരാണുള്ളത്. ഇതില്‍ 15 പേരും ക്രിമിനല്‍ കേസ് പ്രതികളാണെന്നും ഇവരില്‍ 13 മന്ത്രിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുമാണെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഒരാളുടെ ശരാശരി ആസ്തി 47.45 കോടി രൂപയാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

മന്ത്രിസഭാ വികസനത്തിന് ശേഷം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ചും 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച എല്ലാ മന്ത്രിമാരുടെയും സ്വയം സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

441.65 കോടിയുടെ ആസ്തിയുള്ള മലബാര്‍ ഹില്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മംഗള്‍ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതല്‍ പ്രഖ്യാപിത ആസ്തിയുള്ള മന്ത്രി. ഏറ്റവും കുറഞ്ഞ മൊത്തം ആസ്തിയുള്ള മന്ത്രി പൈത്താന്‍ മണ്ഡലത്തില്‍ നിന്നുള്ള ഭൂമാരേ സന്ദീപന്റാവു ആശാറാം ആണ്.