പത്തനാപുരം: പണം നഷ്ടപ്പെട്ടതിനാൽ വീട്ടിലെത്താൻ മാർഗമില്ലെന്നറിയിച്ച യുവാവ്, യാത്രക്കാരനിൽനിന്ന് പണം ലഭിച്ചതിന് പിന്നാലെ മൊബൈൽഫോണും തട്ടിയെടുത്ത് കടന്നു. ഏനാദിമംഗലം കുറുമ്പകര ബിനുഭവനിൽ ബിനു(20)വാണ് യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം മൊബൈൽഫോണും കവർന്നത്. ഇയാളെ പിന്നീട് പത്തനാപുരം പോലീസ് പിടികൂടി.
പത്തനാപുരം മഞ്ചള്ളൂർ ജങ്ഷനിൽവെച്ച് പുനലൂർ സ്വദേശി അയ്യപ്പന്റെ മൊബൈൽ ഫോണാണ് ബിനു മോഷ്ടിച്ചത്. ബസ് കാത്തുനിന്ന അയ്യപ്പന്റെ സമീപം പണം നഷ്ടപ്പെട്ട കാര്യംപറഞ്ഞ് ബിനു അടുത്തൂകൂടുകയായിരുന്നു.
യുവാവിന്റെ ദൈന്യതകണ്ടു മനസ്സലിഞ്ഞ അയ്യപ്പൻ ഇരുനൂറു രൂപ നൽകി. വീട്ടിലേക്ക് വിളിക്കാൻ ഫോൺ വാങ്ങിയ ബിനു സംസാരിക്കുന്നെന്ന വ്യാജേന ഫോണുമായി ഓടിപ്പോകുകയായിരുന്നു.
ഉടൻ പത്തനാപുരം പോലീസിൽ അയ്യപ്പൻ വിവരമറിയിച്ചതോടെ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബിനു പിടിയിലായത്.
ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ആളുടെ രൂപവും അയ്യപ്പൻ പോലീസിനെ അറിയിച്ചിരുന്നു. സംഭവംനടന്ന് അധികം വൈകാതെ പത്തനാപുരം ടൗണിൽ ബൈക്കിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ബിനുവിനെ പോലീസ് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ. ജയകൃഷ്ണൻ, എസ്.ഐ. ജെ.പി.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.



