പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വൃദ്ധയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണവളയുമായി കടന്നു. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിൻ്റെ വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഈ സമയം മേരി ഫ്രാൻസിസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പാൻ്റും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി.ഈ വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പ്രയാസങ്ങൾ മാറാൻ താൻ പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് ഇദ്ദേഹം തലയിൽ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയിൽക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു.

എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നൽകാമെന്നും പറഞ്ഞ് ഇദ്ദേഹം പോകുകയായിരുന്നു. വൈകിട്ടും ഇദ്ദേഹത്തെ കാണാതിരുന്നതിനെത്തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്താൽ ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.