ചെന്നൈ: തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയിൽ എൻജിനിയറിങ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലെ അൻവർ അലി(22)യെയാണ് ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ക്യുബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച അതിരാവിലെയാണ് അൻവർഅലിയെ ആമ്പൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വിലകൂടിയ രണ്ട് വിദേശ നിർമിത മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച വൈകീട്ടും ചോദ്യംചെയ്യൽ തുടരുകയാണ്. തീവ്രവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താനായി കേന്ദ്ര ഇന്റലിജൻസ് രഹസ്യ അന്വേഷണം നടത്തിവരികയാണ്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാൽ ഈ മാസം 24-ന് ബെംഗളൂരിൽ അക്ബർ ഹുസൈൻ (27) എന്നയാൾ അറസ്റ്റിലായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ സേലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. അക്ബർ അലി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈറോഡിലെ ഒരു യുവാവിനെയും ദേശീയ അന്വേഷണ എജൻസി ചോദ്യംചെയ്തിരുന്നു.