കാന്തപുരം എ പി വിഭാഗത്തിന്റെ വേദിയില്‍ വി ഡി സതീശന്‍ . കാന്തപുരം അബൂബക്കര്‍ മുസിലിയാര്‍ വിഭാഗത്തിന്റെ യുവജനസംഘടനയായ സുന്നി യുവജനസംഘം ആഗസ്റ്റ് 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്നത്. കേരളാ മുസ്‌ളിം ജമാ അത്ത് പ്രസിഡന്റ് കൂടിയായ കാന്തപുരവും സതീശനൊപ്പം വേദി പങ്കിടും . മുസ്‌ളീം സംഘടനകളില്‍ കടുത്ത സി പി എം – പിണറായി അനുകൂല നിലപാട് പുലര്‍ത്തുന്നവരാണ് കാന്തപുരത്തിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന എ പി വിഭാഗം സുന്നികള്‍.
പൊതുവേ ലീഗ് വിരുദ്ധരായി അറിയപ്പെടുന്ന കാന്തപുരം വിഭാഗം പലപ്പോഴും കോണ്‍ഗ്രസിനോട് അകലം സൂക്ഷിക്കാറുണ്ട്്. ലീഗ് – കോണ്‍ഗ്രസ് നേതാക്കളെ പൊതുവെ കാന്തപുരം വിഭാഗത്തിന്റെ വേദികളില്‍ അധികം പങ്കെടുപ്പിക്കാറില്ല. എന്നാല്‍ ഇത്തവണ പ്രതിപക്ഷ നേതാവിനെ തന്നെ പങ്കെടുപ്പിക്കുന്നതില്‍ വലിയ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലിം ജമാ അത്തും എസ്വൈഎസും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിനെ സ്വാതന്ത്ര്യദിന സമ്മേളനത്തിന് ക്ഷണിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള മുസ്ലിം ജമാ അത്ത്, എസ്വൈഎസ് നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയും കൂടിയിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നല്‍കിയ നടപടി അത്യന്തം അപലപനീയവും, നീതിയെ വെല്ലുവിളിക്കുന്നതുമാണ്. ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് എസ്എസ്എഫ് ആരോപിച്ചിരുന്നു. ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് കാന്തപുരം എ പി വിഭാഗത്തിന്റെ ഒരു സംഘടന രംഗത്ത് വരുന്നത്.



