കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ സിപിഐ. ഗണേഷ് കുമാറിന് തലക്കനമാണെന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ കെ രാജു പറഞ്ഞു. പത്തനാപുരത്ത് വികസന മുരടിപ്പാണ്. മന്ത്രിയായിരിക്കുന്ന കാലത്ത് പോലും പത്തനാപുരത്ത് ഗണേഷ് കുമാർ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ബഫർ സോൺ വിഷയത്തിൽ അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ രാജു പറഞ്ഞു.

അസൂയയും കുശുമ്പുമാണ് ഗണേഷ് കുമാറിന്. ഗണേഷ് കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐയിലെ ഒരു സംസ്ഥാന നേതാവിന് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയത് എന്നാണ് പലപ്പോഴും ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ കത്തുമായി പോയാൽ കാനം രാജേന്ദ്രൻ അത് ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിടും. സിപിഐയുടെ മന്ത്രിസ്ഥാനങ്ങൾ ഗണേഷിന്റെ ഔദാര്യമല്ലെന്നും കെ രാജു പരിഹസിച്ചു. ഗണേഷ് സിപിഐക്കെതിരേ കാനം രാജേന്ദ്രന് പരാതി നൽകിയാൽ അതും ചവറ്റുകുട്ടയിൽ ഇടുമെന്നും കെ രാജു കൂട്ടിച്ചേർത്തു. 

താൻ വനം മന്ത്രിയായിരിക്കെയാണ് ബഫർ സോൺ ഉണ്ടാക്കിയത് എന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ബഫർ സോൺ തീരുമാനിച്ചിട്ടുള്ളത്. അത് വനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്. എന്നാൽ ഗണേഷ് കുമാർ പറയുന്നത് പത്തനാപുരം നഗരത്തിൽ പോലും വ്യാപാരമോ നിർമാണമോ നടത്താൻ കഴിയില്ലെന്നാണ്. അത് തെറ്റായ പ്രചാരണമാണ്. സിപിഐയും സിപിഎമ്മും നല്ല ബന്ധമാണുള്ളത്. അത് തകർക്കാനാണ് ഗണേഷ് കുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.