തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി ടിക്കറ്റ് റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. ഇതുവരെ അച്ചടിച്ചു വിതരണം ചെയ്തത് 10.5 ലക്ഷം ടിക്കറ്റുകള്‍. 10 ലക്ഷം ടിക്കറ്റുകള്‍ കൂടി ഈയാഴ്ച അവസാനം വിതരണം ചെയ്യും. 25 കോടി രൂപ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ വില 500 രൂപയാണ്. ടിക്കറ്റുവില 500 രൂപയായിട്ടും മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ഉണ്ടാകുന്നതെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു.
ആദ്യഘട്ടമായി 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. സുരക്ഷാ കാരണങ്ങളാല്‍ ഓണം ബംപര്‍ ഫ്‌ലൂറസെന്റ് മഷി ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. സി ആപ്റ്റിലാണ് അച്ചടി. ആദ്യമായിട്ടാണ് കേരളത്തിലെ ലോട്ടറിയില്‍ ഫ്‌ലൂറസെന്റ് മഷി ഉപയോഗിക്കുന്നത്. അച്ചടിക്കുന്ന ടിക്കറ്റ് രണ്ടു ദിവസത്തെ ഇടവേളകളിലാണ് വിതരണം. ഫ്‌ലൂറസെന്റ് കളറില്‍ അടിക്കുന്നതിനാല്‍ ടിക്കറ്റ് ഉണങ്ങാന്‍ സമയമെടുക്കുന്നതിനാലാണ് ഇടവേള.
ടിക്കറ്റ് അച്ചടിച്ചശേഷമാണ് ഫ്‌ലൂറസെന്റ് മഷി യന്ത്രസഹായത്താല്‍ പുരട്ടുന്നത്. ഓണം ബംപറിന്റെ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതവുമാണ്. നാലാം സമ്മാനം ഒരു ലക്ഷംരൂപ വീതം 90 പേര്‍ക്ക്. അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്ക്. ഇതിനു പുറമേ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നല്‍കും. ആകെ 126 കോടിയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.



