എറണാകുളം – അങ്കമാലി രൂപത മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ബിഷപ്പ് വത്തിക്കാൻ സ്ഥാനപതിക്ക് കൈമാറി എന്നാണ് അറിയുന്നത്. രാജി പ്രഖ്യാപനം ആഗസ്തിൽ ചേരുന്ന സിനഡിൽ ഉണ്ടാകും. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് മാറുമെന്നാണ് സൂചന.

കത്ത് നൽകിയിട്ടും രാജി വയ്ക്കാൻ തയ്യാറാകാത്ത ബിഷപ്പിനെ നേരിൽ കാണാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. വത്തിക്കാൻ സ്ഥാനപതിയും ബിഷപ്പ് ആന്റണി കരിയിലുമായുള്ള കൂടിക്കാഴ്ച ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിന്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു.
സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് അയച്ചത്.

ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പൊലീത്തൻ വികാരി സ്ഥാനമൊഴിയാനാവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് നൽകിയത്. ഭൂമിയിടപാട്, ഏകീകൃത കുർബാനയർപ്പണത്തെ ചൊല്ലിയുളള തർക്കം തുടങ്ങിയ അവസരങ്ങളിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്റണി കരിയിലിൽ പിന്തുണച്ചിരുന്നു.

കുർബാന ഏകീകരണത്തെ പിന്തുണക്കില്ലെന്ന നിലപാടായിരുന്നു തുടക്കം മുതൽ ആന്റണി കരിയിലിന്റേത്. എറണാകുളം – അങ്കമാലി രൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്നും വ്യക്തമാക്കിയിരുന്നു. പുതുക്കിയ കുർബാന നടത്താനുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാനാകില്ല. മാർപാപ്പ പൂർണ്ണമായി ഇളവ് അനുവദിച്ചതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനഡ് മെത്രാന്മാർക്ക് ബിഷപ്പ് കത്തയച്ചിരുന്നു. സിറോ മലബാർ സഭയിലെ എല്ലാ മെത്രാൻമാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന കർശന നിർദ്ദേശത്തോടെ മാർ ജോർജ് ആലഞ്ചേരി സർക്കുലർ ഇറക്കിയിരുന്നു .