കോട്ടയം: മുൻമന്ത്രി ജോസ് തെറ്റയിൽ പ്രതിയായിരുന്ന കേസിലെ പരാതിക്കാരി ഉമ്മൻചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവെച്ചു. തനിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.
ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. ഉമ്മൻചാണ്ടി വീട്ടുമുറ്റത്ത് ജനങ്ങളെ കണ്ടുകൊണ്ടിരിക്കെയാണ് ഇവർ വന്നത്. തന്റെ ആവശ്യങ്ങൾ ഇവർ ഉമ്മൻചാണ്ടിയോട് പറഞ്ഞു. അദ്ദേഹം മറുപടിയും നൽകി. തുടർന്ന് ഇവർ മുറ്റത്ത് മാറിനിന്നു. ഉമ്മൻചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി.
ഇതിനിടെ ഇവർ മുറ്റത്തുനിന്ന് ബഹളംവെയ്ക്കുകയായിരുന്നു. നഷ്ടപരിഹാരം നൽകാൻ നേരത്തെ ധാരണയുണ്ടായിരുന്നെന്നും അത് ഉമ്മൻചാണ്ടിക്ക് അറിയാമെന്നും അവർ ആരോപിച്ചു. മടങ്ങാതെ അവിടെനിന്നതോടെ പ്രവർത്തകർ പോലീസിനെ വിവരം അറിയിച്ചു. പിങ്ക് പോലീസെത്തി അവരെ കാറിൽ കോട്ടയത്ത് എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു.



