സോഷ്യല്‍ മീഡിയയില്‍ സജീവമായ സെയ്ഫ് അലി ഖാന്‍ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭാര്യ കരീന കപൂറിനും മക്കളായ ജഹാംഗീറിനും തൈമൂറിനുമൊപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിയ്ക്കുകയാണ് ഇപ്പോള്‍ താരം.

നടി അമൃത സിങ്ങായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. 1991-ല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. അക്കാലത്ത് അമൃത ബോളിവുഡിലെ മുന്‍നിര നടിയും സെയ്ഫ് തുടക്കക്കാരനുമായിരുന്നു.

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് പ്രണയിച്ച് വിവാഹിതരായ ഇരുവരുടെയും ദാമ്പത്യജീവിതം പക്ഷെ, അത്ര സുഖകരമായിരുന്നില്ല. സെയ്ഫിനേക്കാള്‍ 12 വയസ്സിന് മൂത്തതായിരുന്നു അമൃത. 2004-ലായിരുന്നു ഇരുവരുടെയും വിവാഹമോചനം. എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണം ഇതുവരെ ഇരുവരും തുറന്നുപറഞ്ഞിട്ടില്ല.

13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുമ്പോള്‍ സാറയും ഇബ്രാഹിമും ചെറിയ കുട്ടികളായിരുന്നു. കുട്ടികളെ പിരിയുമ്പോള്‍ അദ്ദേഹം കരയുകയായിരുന്നു എന്നാണ് സെയ്ഫ് ഒരിക്കല്‍ പറഞ്ഞത്. മാത്രമല്ല ഏറെനാള്‍ മക്കളുടെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ പഴ്‌സില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഭാര്യക്ക് നല്‍കിയ ജീവനാംശത്തെക്കുറിച്ചും അന്ന് സെയ്ഫ് വെളിപ്പെടുത്തിയിരുന്നു.

‘പിരിയുമ്പോള്‍ അമൃത ആവശ്യപ്പെട്ടത് അഞ്ച് കോടിയോളം രൂപയായിരുന്നു. അത് ഞാനവര്‍ക്ക് കൊടുക്കണം. ഇപ്പോള്‍ ഏകദേശം രണ്ടര കോടി രൂപ കൊടുത്തുകഴിഞ്ഞു. മാത്രമല്ല, മകന്‍ ഇബ്രാഹിമിന് 18 വയസ്സാകുന്നത് വരെ ഞാന്‍ മാസം ഒരു ലക്ഷം രൂപയും കൊടുക്കുന്നുണ്ട്.

ഞാന്‍ ഷാരൂഖ് ഖാനൊന്നുമല്ല. എന്റെ പക്കല്‍ കൊടുക്കാന്‍ അത്ര പണമൊന്നുമില്ല. എങ്കിലും ഞാന്‍ ബാക്കി പണം കൊടുത്തു തീര്‍ക്കുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. എനിക്ക് വയ്യാതായാലും എങ്ങനെയെങ്കിലും മരിക്കുന്നതിന് മുമ്പ് ഞാന്‍ ആ പണം കൊടുത്തിരിക്കും.

പരസ്യങ്ങള്‍, സ്‌റ്റേജ് ഷോകള്‍, സിനിമകള്‍ എന്നിവയില്‍ നിന്ന് ഞാന്‍ സമ്പാദിച്ചതെല്ലാം എന്റെ കുട്ടികള്‍ക്കായാണ് കൊടുക്കുന്നത്. എന്റെ കയ്യില്‍ പണമില്ല. ഞങ്ങളുടെ ബംഗ്ലാവ് അമൃതയ്ക്കും കുട്ടികള്‍ക്കുമുള്ളതാണ്,

ഞാന്‍ പോയതിന് ശേഷം അവളോടൊപ്പം വന്നുചേര്‍ന്ന ബന്ധുക്കളെയൊന്നും കാര്യമാക്കേണ്ടതില്ല. ഞാന്‍ അമൃതയുമായി യാതൊരു തരത്തിലും ഒരു വാക്ക് തര്‍ക്കത്തിനോ ഏറ്റുമുട്ടലിനോ ഇല്ല. അവള്‍ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. അതെന്നും നിലനില്‍ക്കും. അവളും എന്റെ കുട്ടികളും സന്തോഷത്തോടെയിരിക്കണമെന്നാണ് എന്റെ ആഗ്രഹം.’ സെയ്ഫ് അലി ഖാന്‍ പറയുന്നു.