നിരവധിക്കണക്കിന് ആളുകളും മൃഗങ്ങളും പക്ഷികളും ഒക്കെ നമ്മുടെ ലോകത്തുണ്ട്. അതിൽ ചിലത് നമുക്ക് പരിചിതം എന്ന് തോന്നുമെങ്കിൽ ചിലത് ഒട്ടും പരിചിതമായിരിക്കില്ല. അതുപോലെ തീർത്തും അപരിചിതമെന്ന് തോന്നുന്ന ഒരു നായയാണ് ഇപ്പോൾ വാർത്തകളിലിടം പിടിക്കുന്നത്.
താടിയും മുടിയും ഒക്കെയുള്ള ഒരു വയസായ മനുഷ്യന്റെ രൂപമാണ് ഈ നായയ്ക്ക്. കോടീശ്വരനായ റിച്ചാർഡ് ബ്രാൻസണെപ്പോലെയാണ് നായയെ കാണാൻ എന്നും പറഞ്ഞ് വളരെ എളുപ്പമാണ് അത് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘എന്റെ സുഹൃത്തിന്റെ നായ -കാണാൻ താടിയും മുടിയുമുള്ള ഒരു വയസായ മനുഷ്യനെ പോലെയുണ്ട്’ എന്ന് പറഞ്ഞു കൊണ്ട് ഒരാൾ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് വളരെ പെട്ടെന്ന് നായ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
ചിത്രത്തിൽ ഒരാൾ നായയുടെ മുഖം ഉയർത്തി പിടിച്ചിരിക്കുന്നതായി കാണാം. നായ വലിയ താൽപര്യമില്ലാതെയാണ് ക്യാമറയിലേക്ക് നോക്കുന്നത്. ഏതായാലും ചിത്രം പോസ്റ്റ് ചെയ്തതോടെ ആളുകൾ നായയ്ക്ക് റിച്ചാർഡ് ബ്രാൻസണുമായുള്ള സാമ്യം ചൂണ്ടിക്കാണിക്കാൻ തുടങ്ങി. ഇതോടെ നായ വലിയ ശ്രദ്ധയാകർഷിച്ചു. വളരെ എളുപ്പം അതിന്റെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.
നിങ്ങൾ തമാശ പറയ്യാണോ? ഇത് ശരിക്കും വെർജിൻ ഗ്രൂപ്പ് സിഇഒ റിച്ചാർഡ് ബ്രാൻസണെ പോലെത്തന്നെ ഉണ്ട്’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ കമന്റ് ചെയ്തത് ‘അത് ശരിക്കും കാണാൻ റിച്ചാർഡ് ബ്രാൻസണെ പോലെ തന്നെയുണ്ട്. യാതൊരു വ്യത്യാസവും തനിക്ക് കണ്ടെത്താൻ കഴിയുന്നില്ല’ എന്നാണ്.
എന്നാൽ, വേറെ ചിലർ പറഞ്ഞത് തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ്. ‘ആ നായയെ കാണാൻ അപരിചിതമായി എന്തോ ഒന്നുണ്ട്. ഭയപ്പെടുത്തുന്ന എന്തോ ഒന്ന്’ എന്നാണ് അവർ കമന്റ് ചെയ്തത്. ഏതായാലും വ്യത്യസ്തത കൊണ്ട് നായയുടെ ചിത്രം വളരെ വേഗം ആളുകൾ വൈറലാക്കി എന്നതിൽ തർക്കമില്ല.