ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിർണായ തീരുമാനവുമായി വിമത നീക്കത്തിലൂടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം.

ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപിമാർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് തീരുമാനമെടുത്തിരിക്കുന്നത്. ശിവസേനയുടെ ആകെയുള്ള 22 എംപിമാരിൽ 16 പേരാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള സ്ത്രീ എന്ന പരിഗണനയിൽ മുർമുവിനെ പിന്തുണയ്ക്കാൻ ഉദ്ധവിനോട് ആവശ്യപ്പെട്ടത്.

അതേ സമയം സേനാ എംപിമാർ തന്നെ സമർദ്ദത്തിലാക്കിയെന്ന റിപ്പോർട്ടുകളെ ഉദ്ധവ് തള്ളി. ഇതാദ്യമായാണ് ഒരു ആദിവാസി സ്ത്രീക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നതെന്ന് തന്റെ പാർട്ടിയിലെ ഗോത്രവർഗത്തിൽ നിന്നുള്ള നേതാക്കൾ പറഞ്ഞു. ഒരു സേനാ എംപിയും തന്നെ സമ്മർദ്ദത്തിലാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാർത്ഥത്തിൽ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം അനുസരിച്ച് ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. എന്നാൽ ഞങ്ങൾ ഇടുങ്ങിയ ചിന്താഗതിക്കാരല്ല’ – ഉദ്ധവ് പറഞ്ഞു.

മുർമുവിനെ പിന്തുണയ്ക്കുമെന്നും എന്നാൽ അത് ബിജെപിക്കുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

സേനയിലെ ബഹുഭൂരിപക്ഷം എംഎൽഎമാരേയും അടർത്തി കൊണ്ട് ബിജെപിക്കൊപ്പം ചേർന്ന് ഏക്നാഥ് ഷിന്ദേ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് അധികാരം നഷ്ടമായിരുന്നു. പാർട്ടിയിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം സേന എംപിമാരുടെ നിർണായക യോഗം നടന്നിരുന്നു. 19 ലോക്സഭാ അംഗങ്ങളും മൂന്ന് രാജ്യസഭാ അംഗങ്ങളും അടക്കം 22 എംപിമാരാണ് ശിവസേനക്കുള്ളത്. ഇതിൽ ആറു പേർ ഷിന്ദേ പക്ഷത്തോടൊപ്പമാണ്. ഇവർ നേരത്തെ തന്നെ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് വിളിച്ച യോഗത്തിൽ പങ്കെടുത്ത ശേഷിക്കുന്ന 16 എംപിമാരും മുർമുവിനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടത്.

നേരത്തെ പ്രതിപക്ഷ സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ശിവസേനയും പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ശിവസേനയെ കൂടാതെ മറ്റു നിരവധി എൻഡിഎ ഇതര പാർട്ടികളും മുർമുവിന് പിന്തുണയർപ്പിച്ചിട്ടുണ്ട്.