പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ അരങ്ങേറ്റം. ഒരു സ്കൂൾ കാലഘട്ടത്തിലെ പ്രണയകഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. അതിന് ശേഷം സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത കാതൽ കൊണ്ടേൻ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് പറയുകയാണ് ധനുഷ്.
കാതൽ കൊണ്ടേൻ ചിത്രീകരിക്കുമ്പോൾ ഒരാൾ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ആ സിനിമയിൽ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു, അതാണ് ഹീറോ എന്ന് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അവർ ഞാനാണ് നായകനെന്ന് മനസ്സിലാക്കി. ‘അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവർ ഹീറോ ആണ് പോലും’. സങ്കടം സഹിക്കവയ്യാതെ ഞാൻ പൊട്ടിക്കരഞ്ഞു. ഒരു ചെറിയ പയ്യനായതിനാൽ ഈ പരിഹാസങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി എനിക്കില്ലായിരുന്നു. പിന്നീട് ഞാൻ ചിന്തിച്ചു, എന്ത് കൊണ്ട് ഒരു ഓട്ടോ ഡ്രൈവറിന് നായകൻ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്.
കാതൽ കൊണ്ടേൻ ഗംഭീര വിജയമായതോടെ ധനുഷിനെ പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് തിരുടാ തിരുടി, പുതുപേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷിന്റെ താരമൂല്യമുയർന്നു. മാസ് മസാല ചിത്രങ്ങളിലും അഭിനയത്തിന് പ്രധാന്യമുള്ള ചിത്രങ്ങളിലും ധനുഷ് ഒരേ പോലെ തിളങ്ങി. നാല് ദേശീയ പുരസ്കാരങ്ങൾ (മികച്ച നടൻ-2 മികച്ച നിർമാതാവ്-2), ഏഴ് ഫിലിം ഫെയൽ പുരസ്കാരങ്ങൾ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ രണ്ട് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ധനുഷ് സ്വന്തമാക്കി.



