ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി പണം സമ്പാദിക്കുന്ന ഭാര്യയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്ലി സ്വദേശിയായ ലോറ യങാണ് ഭര്‍ത്താവ് ജെയിംസിനെ വാടകയ്ക്ക് നല്‍കുന്നത്. ‘റെന്റ് മൈ ഹാന്‍ഡി ഹസ്ബന്‍ഡ്’ എന്ന പേരില്‍ ലോറ ഒരു വെബ്സൈറ്റ് തുടങ്ങി. ഫേസ്ബുക്കിലും, ജനപ്രിയ നെക്സ്റ്റ്ഡോര്‍ ആപ്പിലും പരസ്യം ചെയ്തു. പരസ്യം കണ്ട് നിരവധി പേരാണ് ലോറയെ സമീപിച്ചത്.

മൂന്ന് മക്കളുടെ അമ്മ കൂടിയായ ലോറയുടെ ഭര്‍ത്താവ് ജെയിംസ് ഒരാളുടെ വീട്ടിലേയ്ക്ക് ആവശ്യമായ പല സാധനങ്ങളും തുച്ഛമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിയ്ക്കും. ഊണ് മേശ, കട്ടില്‍ തുടങ്ങി പലതും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കും. കൂടാതെ, പെയിന്റിങ് ചെയ്യും, ടൈല്‍ വിരിക്കും, വീട് മോടി കൂട്ടും അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കഴിവുകള്‍. ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തെ എന്നാല്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുക്കാം എന്ന് ലോറ തന്നെ തീരുമാനിക്കുകയായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ പണിയാനും, ഉണ്ടാക്കാനുമൊക്കെ ഇഷ്ടമുള്ള അദ്ദേഹത്തിന് ഈ ആശയത്തോട് യോജിപ്പായിരുന്നു.

” വീടിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അദ്ദേഹം മിടുക്കനാണ്. അതിനാല്‍ ആ കഴിവുകള്‍ പ്രയോജനപ്പെടുത്താനും, ജോലിക്കായി അദ്ദേഹത്തെ നല്‍കാനും ഞാന്‍ തീരുമാനിച്ചു. എന്റെ പരസ്യം കണ്ട് ചിലര്‍ അതിനെ തെറ്റായി മനസ്സിലാക്കി. ഞാന്‍ ജെയിംസിനെ മറ്റെന്തെങ്കിലും കാര്യത്തിന് വാടകയ്ക്ക് കൊടുക്കുകയാണെന്ന് അവര്‍ ധരിച്ചു. എത്ര പട്ടിണി കിടന്നാലും, അങ്ങനെ ഒന്നും ചെയ്യാന്‍ എന്നെ കിട്ടില്ല’ – ലോറ പറഞ്ഞു.

ജെയിംസ് ഒരു ഗോഡൗണിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹത്തിന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ കുട്ടികളില്‍ രണ്ട് പേര്‍ ഓട്ടിസം ബാധിച്ചവരാണ്. അതുകൊണ്ട് മൂന്ന് കുട്ടികളുമായി കഷ്ടപ്പെടുന്ന ലോറയെ സഹായിക്കാന്‍ അദ്ദേഹം ജോലി മതിയാക്കുകയായിരുന്നു. ഇപ്പോള്‍ മോട്ടോര്‍ മെക്കാനിക്‌സ് പഠിക്കാന്‍ ആലോചിക്കുകയാണ് ജെയിംസ്. അതിനായി പണം കുറെ വേണം. അങ്ങനെയാണ് ഇത്തരം ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്. അതേസമയം ഭൂരിഭാഗം ആളുകള്‍ക്കും ഇത് വലിയ സഹായമായി തീര്‍ന്നുവെന്ന അഭിപ്രായത്തിലാണ് ലോറ. ഇന്നത്തെ കാലത്ത് ചെറിയ ചെറിയ പണികള്‍ക്ക് ആളെ കിട്ടാന്‍ പ്രയാസമാണെന്ന് ലോറ പറയുന്നു.