രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളത്തിന് കുതിപ്പ്. 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 75.49 ശതമാനം സ്‌കോറോടെ പതിനഞ്ചാം സ്ഥാനത്തേക്ക് കേരളമെത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

മന്ത്രി പി രാജീവ് പറഞ്ഞത്: പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയില്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാവുകയാണ് എന്ന അങ്ങേയറ്റം തെറ്റായ പരാമര്‍ശം നടത്തിയപ്പോള്‍ കേരളത്തിലേക്ക് നോക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതാ ഇപ്പോള്‍ ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചിക പുറത്തുവന്നപ്പോള്‍ ഒറ്റവര്‍ഷംകൊണ്ട് വന്‍നേട്ടം കുറിച്ചിരിക്കുകയാണ് നമ്മുടെ കേരളം. 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് പുതിയ പട്ടികയില്‍ 75.49 ശതമാനം സ്‌കോറോടെ പതിനഞ്ചാം സ്ഥാനത്തേക്ക് നാമെത്തി.

കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്. അന്തിമ സ്‌കോറുകളും ഉപയോക്തൃ അഭിപ്രായ സര്‍വേയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്‌സ്, അച്ചീവേഴ്‌സ്, അസ്പയറര്‍, എമര്‍ജിംഗ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായാണ് സൂചികയില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. അതില്‍ ‘അസ്പയറര്‍’ വിഭാഗത്തില്‍ ഉള്‍പ്പെടാനും നമുക്ക് സാധിച്ചിരിക്കുന്നു.

വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയതും നയപരമായ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായിച്ചിട്ടുണ്ട്. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തില്‍ ഊന്നല്‍ നല്‍കുന്ന സമഗ്രമായ സമീപനം ദ്രുതഗതിയിലുള്ള നേട്ടത്തിലേക്ക് കേരളത്തെ നയിക്കുകയാണ്. ഫീഡ്ബാക്ക് അടിസ്ഥാനമാക്കി നോക്കുമ്പോള്‍ അടുത്ത വര്‍ഷത്തോടെ ആദ്യ പത്തിനുള്ളില്‍ എത്തുക എന്നതായിരിക്കും കേരളത്തിന്റെ ടാര്‍ഗറ്റ്.