ലക്നൗ: പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ ടീച്ചറെ പ്ലസ്ടു വിദ്യാര്‍ഥി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. കൊലപാതകത്തില്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ടീച്ചറും വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കണമെന്ന് ടീച്ചറോട് ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധം തുടരാനായിരുന്നു ടീച്ചറുടെ നിര്‍ബന്ധം. സഹപാഠികളായ പെണ്‍കുട്ടികളുമായി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കൊല്ലപ്പെട്ട ടീച്ചര്‍ കോട്?വാലി പൊലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാര്‍ഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. വീട്ടിലേക്കെത്തിയ വിദ്യാര്‍ഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി  ടീച്ചറുടെ വീട്ടില്‍ നിന്ന് അമ്പതിനായിരം രൂപയും അലമാര തകര്‍ത്ത് വിലപിടിപ്പുള്ള വസ്തുക്കളും വിദ്യാര്‍ഥി കൈക്കലാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.