യുക്രൈനിനെ ആക്രമിക്കാന്‍ റഷ്യയ്ക്ക് ആയുധം നല്‍കുന്ന റഷ്യന്‍ ശതകോടീശ്വരന് യുക്രൈന്‍കാരനായ ജീവനക്കാരന്റെ വക കട്ടപ്പണി. മുതലാളിയുടെ ഉടമസ്ഥതയിലുള്ള 70 ലക്ഷം യൂറോ വിലമതിക്കുന്ന (59.2 കോടി രൂപ) അത്യാഡംബര നൗക ഇയാള്‍ കടലില്‍ മുക്കാന്‍ ശ്രമിക്കുകയായിരുന്നു. കപ്പലിലെ ചീഫ് എഞ്ചിനീയറായ യുക്രൈന്‍ നാവികന്‍ സംഭവത്തെ തുടര്‍ന്ന് പിടിയിലായി. സ്പാനിഷ് തുറമുഖത്ത് നടന്ന സംഭവത്തില്‍ അറസ്റ്റിലായ ശേഷം വിട്ടയക്കപ്പെട്ട ഇയാള്‍ അതിനുശേഷം യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് തിരിച്ചു. റഷ്യന്‍ അക്രമികള്‍ക്ക് എതിരായി യുക്രൈന്‍ ജനത നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാവുമെന്ന് ജയില്‍മോചിതനായ ശേഷം നാട്ടിലേക്കു പോവുന്നതിനായി പോളണ്ടിലെ വാഴസയിലേക്ക് വിമാനം കയറുന്നതിനു തൊട്ടുമുമ്പ് എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞു.

ശനിയാഴ്ചയാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. റഷ്യന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരനായ ആയുധക്കച്ചവടക്കാരന്‍ അലക്‌സാണ്ടര്‍ മിഖീവിന്റെ അത്യാഡംബര നൗകയാണ് യുക്രൈന്‍ നാവികന്‍ കടലില്‍ മുക്കാന്‍ ശ്രമിച്ചത്. റഷ്യന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള ആയുധനിര്‍മാണ കമ്പനിയായ റോസ്‌റ്റെകിന്റെ ആയുധക്കയറ്റുമതി ഏജന്‍സിയായ റോസോബൊറോന്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയുടെ സി ഇ ഒയാണ് അലക്‌സാണ്ടര്‍ മിഖീവ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേഡി അനസ്താസിയ എന്ന ആഡംബര നൗകയിലാണ് വിവാദസംഭവങ്ങള്‍ നടന്നത്.