തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം നല്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് 11-ാം ശമ്പള പരിഷ്ക്കരണ കമ്മിഷന് ശുപാര്‍ശ. അല്ലെങ്കില്‍ കേരള റിക്രൂട്ട്മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്കൂള്‍സ് ആന്‍ഡ് കോളജസ് എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിക്കണം. യോഗ്യരായവര്‍ മാത്രമാണ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് എന്നത് ഉറപ്പാക്കാനും ബോര്‍ഡിന്റെ സാമ്പത്തിക നിലനില്‍പ്പിനും ഉദ്യോഗാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന അപേക്ഷാ ഫീസ് ഈടാക്കണം.
ബോര്‍ഡ് രൂപീകരിക്കാന്‍ കാലതാമസമുണ്ടാകുകയാണെങ്കില്‍ നിയമനത്തിലെ മെറിറ്റ് ഉറപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ഒഴിവുകള്‍ മലയാളത്തിലെ രണ്ട് പ്രധാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. ഇതില്‍ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൈറ്റുകളുടെ വിലാസവും ഉണ്ടായിരിക്കണം. ഈ ബോര്‍ഡില്‍ ചെയര്‍മാനെ കൂടാതെ രണ്ട് അംഗങ്ങളും പാര്‍ട് ടൈം അംഗമായി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെയും നിയമിക്കണം.
ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷനും പാര്‍ട്ട് ടൈം അംഗമായിരിക്കും. നാല് അംഗങ്ങള്‍ സ്കൂളുകളെയും കോളജുകളെയും പ്രതിനിധീകരിക്കും. മാനേജ്മെന്റ് നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ ബോര്‍ഡ് ഒഴിവുകള്‍ നികത്തണം. അഞ്ച് അംഗ ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കേണ്ടത് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും. ബോര്‍ഡില്‍ ചെയര്‍മാനെ കൂടാതെ ഒരു ഫുള്‍ ടൈം അംഗവും ഒരു വിദഗ്ധനും രണ്ടു സ്കൂള്‍ കോളജ് പ്രതിനിധികളുമാകും.



